നിതീഷിനെ തഴയാന്‍ ബിജെപി; അമിത് ഷായുടെ വാക്കുകള്‍ പറയുന്നത് അതോ?; പ്രതിഷേധവുമായി ജെഡിയു

നിതീഷ് കുമാര്‍ നല്ല ഭരണത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം ഒരിക്കലും വികസനത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിക്കില്ലെന്നും ജെഡിയു വക്താവ് നീരജ് കുമാര്‍ പറഞ്ഞു

പട്‌ന: നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകണോ എന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ജെഡിയു. നിതീഷ് കുമാര്‍ തന്നെയായിരിക്കും വീണ്ടും മുഖ്യമന്ത്രിയാവുക എന്ന് ജെഡിയു നേതാക്കള്‍ അറിയിച്ചു. നിതീഷ് കുമാര്‍ നല്ല ഭരണത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം ഒരിക്കലും വികസനത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിക്കില്ലെന്നും ജെഡിയു വക്താവ് നീരജ് കുമാര്‍ പറഞ്ഞു.

'ജനങ്ങള്‍ക്ക് നിതീഷ് കുമാറിനു മേലുളള വിശ്വാസം അചഞ്ചലമാണ്. അദ്ദേഹം മികച്ച ഭരണത്തിന്റെ പ്രതീകമാണ്. നീതിയുടെ സുഹൃത്താണ്. എന്‍ഡിഎ ഏകകണ്ഠമായി തെരഞ്ഞെടുത്ത നേതാവാണ്': നീരജ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുളള നടപടിക്രമങ്ങള്‍ വ്യക്തമാക്കുക മാത്രമാണ് അമിത് ഷാ ചെയ്തതെന്നും നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു, അതിനര്‍ത്ഥം നിതീഷ് തന്നെ മുഖ്യമന്ത്രിയാകും എന്നാണെന്നും നീരജ് കുമാര്‍ പറഞ്ഞു.

അമിത്ഷായുടെ പരാമര്‍ശങ്ങളെക്കുറിച്ചുളള ചോദ്യത്തിന്, തെരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎയുടെ എംഎല്‍എമാര്‍ ഒന്നിച്ചിരുന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും എന്നായിരുന്നു ചിരാഗ് പാസ്വാന്റെ മറുപടി. വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും എന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

'നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടയാള്‍ ഞാനല്ല. ഇപ്പോള്‍ നിതീഷിന്റെ നേതൃത്വത്തിലാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സഖ്യകക്ഷികള്‍ ഒന്നിച്ചിരുന്നായിരിക്കും മുഖ്യമന്ത്രി ആരാകണം എന്നത് തീരുമാനിക്കുക': എന്നാണ് അമിത് ഷാ പറഞ്ഞത്.

Content Highlights: Amit Shah says will decide after elections whether Nitish will become CM: JDU protests

To advertise here,contact us