ഹൈദരാബാദ്: 12 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 60-കാരന് 10 വർഷം കഠിനതടവും 5,000 രൂപ പിഴയും ശിക്ഷ. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ പോക്സോ സ്പെഷ്യൽ കോടതി വെള്ളിയാഴ്ചയാണ് ട്യൂഷൻ അധ്യാപകനായ ദ്രോണംരാജു സുബ്രഹ്മണ്യേശ്വര റാവുവിന് ശിക്ഷ വിധിച്ചത്. കൂടാതെ ഇരയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. രാജേന്ദ്രനഗർ മണ്ഡലത്തിലെ ഹൈദർഗുഡ സ്വദേശിനിയായ പെൺകുട്ടി 2017 ഡിസംബറിലാണ് പീഡനത്തിന് ഇരയായത്. അന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി.
ഹൈദർഗുഡയിലെ അതേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസിക്കുകയായിരുന്നു പ്രതി. 2017 ഡിസംബർ മൂന്നിന് മാതാപിതാക്കൾ ചെന്നൈയിൽ പോയിരുന്ന സമയത്ത് ട്യൂഷന് വന്ന മറ്റു കുട്ടികളെ പറഞ്ഞുവിട്ട ശേഷം പ്രതി രാത്രി വൈകി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കുട്ടി അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. പിറ്റേ ദിവസം രാവിലെ അമ്മ തിരിച്ചെത്തുകയും രാജേന്ദ്രനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർ വി ഉമേന്ദറിന്റെയും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ അശോക് ചക്രവർത്തിയുടെയും നേതൃത്വത്തിൽ അന്വേഷണം നടത്തി നിർണായക തെളിവുകൾ ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
വിശദമായ പരിശോധനയ്ക്ക് ശേഷം പ്രത്യേക കോടതി ജഡ്ജി പി ആഞ്ജനേയലു വിധി പ്രസ്താവിച്ചു. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ ജുഡീഷ്യറിയും നിയമപാലകരും സ്വീകരിച്ച ശക്തമായ നിലപാടിന്റെ തെളിവാണ് ശിക്ഷയെന്ന് പൊലീസ് പത്രക്കുറിപ്പിൽ പറഞ്ഞു.
Content Highlights: Telangana Tuition Teacher Jailed For assaulting 12-Year-Old Student