നന്നായി ജോലി ചെയ്യുമോ നിങ്ങളുടെ പരിചയക്കാരന്‍,പരിചയപ്പെടുത്തി നേടാം 50000 രൂപ വരെ;റഫറല്‍ ബോണസുമായി ഇന്‍ഫോസിസ്

വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കാന്‍ അനുയോജ്യരായ ഐടി പ്രൊഫഷണലുകളെ കണ്ടെത്താന്‍ സഹായിക്കുന്ന ജീവനക്കാര്‍ക്ക് പാരിതോഷികവും (റഫറല്‍ ബോണസ്) പ്രഖ്യാപിച്ചിട്ടുണ്ട്

ബെ​ഗളൂരു:പ്രമുഖ ഐടി കമ്പനികൾ കൂട്ടപ്പിരിച്ചുവിടലുമായി മുന്നോട്ടുപോകുമ്പോൾ കൂടുതൽ നിയമനങ്ങളുമായി ഇൻഫോസിസ്. കഴിഞ്ഞ മൂന്നുമാസം പുതിയ 8,200 നിയമനങ്ങളാണ് കമ്പനി നടത്തിയത്. അടുത്ത സാമ്പത്തിക വർഷം പകുതിയോടെ 12000 നിയമങ്ങൾകൂടി നടത്തും.

വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കാന്‍ അനുയോജ്യരായ ഐടി പ്രൊഫഷണലുകളെ കണ്ടെത്താന്‍ സഹായിക്കുന്ന ജീവനക്കാര്‍ക്ക് പാരിതോഷികവും (റഫറല്‍ ബോണസ്) പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ റഫറന്‍സിലൂടെ നിയമനം നടന്നാല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് പാരിതോഷികം നൽകുക.

ഡേറ്റാ അനലിസ്റ്റ്, ഡേറ്റാ സയന്റിസ്റ്റ്, സൊലൂഷന്‍ ഡിസൈനര്‍, ബ്ലോക്ക് ചെയിന്‍ ഡിവലപ്പര്‍, ജാവ ഡിവലപ്പര്‍, എയ്റോ സ്‌പെയ്സ് എന്‍ജിനിയര്‍, നെറ്റ്വര്‍ക്ക് ഡിസൈനര്‍ തുടങ്ങിയ തസ്തികളിലേക്കാണ് കുടൂതല്‍ പേരെ നിയമിക്കുന്നത്.രണ്ട്-മൂന്ന് വര്‍ഷം മുതല്‍ 13-15 വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ളവരെയാണ് ഇത്തരത്തില്‍ നിയമിക്കുക. തിരുവനന്തപുരം,ബെംഗളൂരു, ഡല്‍ഹി, പുണെ, ഹൈദരാബാദ്, ചെന്നൈ, നോയിഡ, കൊല്‍ക്കത്ത, മൈസൂരു, ഹുബ്ബള്ളി, ചണ്ഡീഗഢ് തുടങ്ങിയയിടങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍.

ബിഇ, എംഇ, എംസിഎ, എംഎസ്സി യോഗ്യതയുള്ളവര്‍ക്ക് നിയമനത്തിനായി അപേക്ഷിക്കാം.നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ കമ്പനി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം ലാഭവളര്‍ച്ച രേഖപ്പെടുത്തി. 7,364 കോടി രൂപയാണ് അറ്റാദായം. വരുമാനം ഒന്‍പത് ശതമാനം വര്‍ധിച്ച് 44,490 കോടി രൂപയിലെത്തി. ഓഹരി ഒന്നിന് 23 രൂപ വീതം ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight : Infosys hires 8,200 amid mass layoffs; plans to hire 12,000 more in next fiscal

To advertise here,contact us