ഭോപ്പാല്: വിദ്യാര്ത്ഥികള് വസ്ത്രം മാറുന്ന വീഡിയോ പകര്ത്തിയെന്ന പരാതിയില് മധ്യപ്രദേശില് എബിവിപി നേതാവ് അടക്കം മൂന്ന് വിദ്യാര്ത്ഥികള് അറസ്റ്റില്. മധ്യപ്രദേശിലെ ഒരു സര്ക്കാര് കോളേജില് യൂത്ത് ഫെസ്റ്റിവലിനിടെയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പെണ്കുട്ടികള് വസ്ത്രം മാറുന്ന മുറിയുടെ പുറത്ത് നാല് പേര് പതുങ്ങി നിന്ന് ചിത്രങ്ങള് പകര്ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പൊലീസ് ശേഖരിച്ചു. പ്രിന്സിപ്പലാണ് സംഭവത്തില് പൊലീസില് പരാതി നല്കിയത്.
20, 22 വയസ്സ് പ്രായമുള്ള ഉമേഷ് ജോഷി, അജയ് ഗൗഡ്, ഹിമാന്ഷു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എബിവിപി സിറ്റി സെക്രട്ടറിയാണ് ജോഷി. സംഭവത്തിന് പിന്നാലെ ജോഷിയെ സംഘടനാ ചുമതലയില് നിന്നും പുറത്താക്കി. കേസില് ഒരാള്ക്കൂടി അറസ്റ്റിലാകാനുണ്ട്.
എന്നാല് അറസ്റ്റിലായ വിദ്യാര്ത്ഥിയെ ന്യായീകരിക്കുന്ന നിലയാണ് എബിവിപി പ്രതികരിച്ചത്. സംശയാസ്പദമായ കാര്യം അവിടെ നടന്നെന്ന ആരോപണത്തെ തുടര്ന്ന് പരിശോധിക്കാനെത്തിയ വിദ്യാര്ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും ചിത്രം എടുത്തെന്ന് പറയുന്ന മുറി പെണ്കുട്ടികള്ക്ക് മാത്രമുള്ളതല്ല കോമണ് ഏരിയ ആണെന്നും എബിവിപി ദേശീയ സെക്രട്ടറി ശാലിനി വര്മ പറഞ്ഞു. അറസ്റ്റിലായ വിദ്യാര്ത്ഥികളുടെ ഫോണ് പരിശോധിച്ചതില് നിന്നും പൊലീസിന് ആരോപിക്കപ്പെടുന്ന നിലയിലുള്ള ചിത്രങ്ങളോ വീഡിയോയോ ലഭിച്ചിട്ടില്ലെന്നും ശാലിനി പറഞ്ഞു.
അതേസമയം മുതിര്ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില് കേസില് അന്വേഷണം നടത്തി വരികയാണ്. വിദ്യാര്ത്ഥികളുടെ ഫോണ് ഫൊറന്സിക് പരിശോധനയ്ക്ക് അയക്കും.
Content Highlights: 3 students including ABVP office bearer arrested for recording women changing clothes