'ടിവികെ അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ല'; മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ടിവികെയുടെ അംഗീകാരം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയായിരുന്നു വിശദീകരണം

ചെന്നൈ: തമിഴ് നടന്‍ വിജയ് നയിക്കുന്ന രാഷട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം(ടിവികെ) അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മദ്രാസ് ഹൈക്കോടതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ടിവികെയുടെ അംഗീകാരം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയായിരുന്നു വിശദീകരണം. അതോടൊപ്പം, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജികളും സുപ്രീംകോടതിയുടെ പരിഗണനയിലില്ലാത്ത വിഷയങ്ങളും മദ്രാസ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും.

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തില്‍ വിജയ്‌യുടെ കരൂര്‍ യാത്ര റദ്ദാക്കി. സിബിഐ അന്വേഷണത്തെ തടസപ്പെടുത്താന്‍ ഇല്ലെന്ന് ടിവികെ നേതാക്കള്‍ അറിയിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ടിവികെ നേതാക്കള്‍ വ്യക്തമാക്കി.

നിലവില്‍ വിജയ് പട്ടിണപ്പാക്കത്തുള്ള വസതിയിലാണ്. ടിവികെയുടെ ചെന്നൈയിലെ ഓഫീസ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും തുറന്നുപ്രവര്‍ത്തിച്ച് തുടങ്ങി. ഈസ്റ്റ് റോഡിലെ പനയൂരുള്ള ഓഫീസാണ് പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. കരൂര്‍ ദുരന്തത്തിന് ശേഷം ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു.

സെപ്തംബര്‍ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ വിജയ് ചെന്നൈയിലെ വസതിയിലേക്കാണ് പോയത്. ഈ സമയം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് മന്ത്രിമാരും എംഎല്‍എമാരും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. വീട്ടിലെത്തിയ ശേഷം എക്സിലൂടെ വിജയ് പ്രതികരിച്ചിരുന്നു. ഹൃദയം തകര്‍ന്നിരിക്കുന്നുവെന്നായിരുന്നു വിജയ്യുടെ പ്രതികരണം. സംഭവം നടന്ന് 68 മണിക്കൂറിന് ശേഷം ഒരു വീഡിയോയും വിജയ് പങ്കുവെച്ചിരുന്നു. ഇതില്‍ ഡിഎംകെ സര്‍ക്കാരിനെ വിജയ് പഴിചാരിയിരുന്നു.

ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 2024 ഫെബ്രുവരി രണ്ടിനായിരുന്നു വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനം. ഒക്ടോബറില്‍ വിഴിപ്പുറത്തെ വിക്രമപാണ്ഡിയില്‍ വച്ച് ടിവികെ എന്ന തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളനത്തോടെ വിജയ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചു. ഡിഎംകെയെ രാഷ്ട്രീയ എതിരാളിയായും ബിജെപിയെ പ്രത്യയശാസ്ത്ര എതിരാളിയായി പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് ടിവികെ തമിഴക രാഷ്ട്രീയത്തിലേക്ക് ചേക്കേറി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും പ്രധാനമന്ത്രിയെയും ബിജെപിയെയും അതിന്റെ പ്രത്യയ ശാസ്ത്രങ്ങളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു വിജയ്‌യുടെ ഓരോ പ്രസംഗങ്ങളും.

Content Highlight; Election Commission clarifies that TVK is not a recognized political party

To advertise here,contact us