കഫ്‌സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ മൂന്ന് വയസുകാരി മരിച്ചു; ഇതോടെ ചുമ മരുന്നെടുത്തത് 25 കുട്ടികളുടെ ജീവന്‍

ചുമ മരുന്ന് കഴിച്ചതിന് ശേഷം വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മുഴുവന്‍ കുഞ്ഞുങ്ങളും മരിച്ചത്

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ചുമ മരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു. അംബിക വിശ്വകര്‍മ എന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. ചുമ മരുന്ന് കഴിച്ചതിന് പിന്നാലെ കുഞ്ഞിന്‍റെ കിഡ്‌നി തകരാറിലായിരുന്നു. നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അംബികയുടെ മരണം. ഇതോടെ മധ്യപ്രദേശില്‍ ചുമ മരുന്ന് കഴിച്ചുള്ള മരണം 25 ആയി ഉയര്‍ന്നു.

സെപ്റ്റംബര്‍ 14നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആരോഗ്യനിലയില്‍ ഒരു പുരോഗതിയും കാണിച്ചിരുന്നില്ലെന്നും ചിന്ദ്‌വാര അഡീഷണല്‍ കളക്ടര്‍ ധിരേന്ദ്ര സിങ് പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ കുട്ടിക്ക് ചുമയുടെ മരുന്ന് നല്‍കുകയായിരുന്നുവെന്നും കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ചിന്ദ്‌വാരയില്‍ നിന്നും ബെടുല്‍ ജില്ലയില്‍ നിന്നും ഓരോ കുട്ടി വീതം നഗ്പൂരില്‍ ചികിത്സയിലാണ്.

എന്നാല്‍ ചുമ മരുന്ന് കഴിച്ചുള്ള മരണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടില്ലെന്ന് ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ചുമ മരുന്ന് മരണങ്ങളില്‍ പ്രാദേശിക ഡോക്ടറായ പ്രവീണ്‍ സോണിയെ ചിന്ദ്‌വാര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജി രഘുനാഥന്‍ എന്ന ഫാര്‍മ കമ്പനിയുടെ ഉടമയായ ഇയാള്‍ നിരവധി കുട്ടികള്‍ക്ക് ചുമ മരുന്ന് നിര്‍ദേശിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ചുമ മരുന്ന് കഴിച്ചതിന് ശേഷം വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മുഴുവന്‍ കുഞ്ഞുങ്ങളും മരിച്ചത്. കുട്ടികള്‍ കഴിച്ച കോള്‍ഡ്രിഫ് കഫ്‌സിറപ്പില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ഡൈത്തലീന്‍ ഗ്ലൈക്കോള്‍ 45 ശതമാനം അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്തോടെ മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, കേരളം അടക്കം നാല് നാല് സംസ്ഥാനങ്ങളില്‍ കോള്‍ഡ്രിഫ് നിരോധിച്ചിരിക്കുകയാണ്. പനി, കഫക്കെട്ട് ബുദ്ധിമുട്ടിനെത്തുടര്‍ന്ന് കോള്‍ഡ്രിഫ് കഫ്‌സിറപ്പ് കഴിച്ച കുട്ടികളില്‍ ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു. സെപ്തംബര്‍ 2 നാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Cough syrup one child died in Madhyapradesh total toll to 25

To advertise here,contact us