കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നത് പരിഗണനയില്‍: സിദ്ധരാമയ്യ

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഐടി മന്ത്രി പ്രിയങ്ക് ഖര്‍ഗെ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു

ബെംഗളൂരു: കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാട്ടിലേതുപോലെ സമാനമായ രീതിയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇക്കാര്യം ആവശ്യപ്പെട്ടതിന് പ്രിയങ്ക് ഖര്‍ഗെയ്ക്ക് വധഭീഷണി വരെ ഉണ്ടായെന്നും സിദ്ധരാമയ്യ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഐടി മന്ത്രി പ്രിയങ്ക് ഖര്‍ഗെ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

'പൊതുസ്ഥലങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിനുപിന്നാലെ പ്രിയങ്ക് ഖര്‍ഗെയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നു. തമിഴ്‌നാട് മോഡല്‍ കര്‍ണാടക പിന്തുടരണമെന്ന് മാത്രമായിരുന്നു പ്രിയങ്ക് പറഞ്ഞത്. അതില്‍ എന്താണ് തെറ്റ്? തമിഴ്‌നാട്ടിലെ ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രിയങ്ക് ഖര്‍ഗെയോ ഞാനോ അത്തരം ഭീഷണികളെ ഭയപ്പെടുന്നില്ല': സിദ്ധരാമയ്യ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍, ദേവസ്വം വകുപ്പിന് കീഴിലുളള ക്ഷേത്രങ്ങള്‍ എന്നിവയുടെ പരിസരത്ത് ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് നിരോധിക്കണമെന്നായിരുന്നു പ്രിയങ്ക് ഖാര്‍ഗെയുടെ ആവശ്യം. ഭരണഘടനയുടെ അന്തസ്സത്തയ്ക്കും രാജ്യത്തിന്റെ ഐക്യത്തിനും ആര്‍എസ്എസ് എതിരാണെന്നും ശാഖകളിലൂടെ വിദ്യാര്‍ത്ഥികളില്‍ ചെറുപ്രായത്തില്‍ തന്നെ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണെന്നും പ്രിയങ്ക് ഖര്‍ഗെ ആരോപിച്ചിരുന്നു.

Content Highlights: Banning RSS activities in Karnataka under consideration: Siddaramaiah

To advertise here,contact us