ഭോപ്പാല്: മധ്യപ്രദേശില് 25 ട്രാന്സ്ജെന്ഡറുകള് ഫിനൈല് കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ചു. ഇന്ഡോറില് ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. ഇവരെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയില് പ്രവേശിപ്പിച്ചു.
'ഇരുപത്തിയഞ്ചോളം ട്രാന്സ്ജെന്ഡര് വ്യക്തികളെ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. അവര് ഒരുമിച്ച് ഫിനൈല് കഴിച്ചുവെന്നാണ് പറയുന്നത്. ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്. ആരുടെയും നില ഗുരുതരമല്ല', ആശുപത്രി സൂപ്രണ്ട് ഇന് ചാര്ജ് ഡോ. ബസന്ത് കുമാര് നിന്ഗ്വാള് പറഞ്ഞു.
ട്രാന്സ്ജെന്ഡര് വ്യക്തികള് കൂട്ടത്തോടെ ജീവനൊടുക്കാനുളള കാരണം വ്യക്തമല്ല. സംഭവത്തില് അന്വേഷണം നടക്കുകയാണെന്നും അവര് എന്താണ് കഴിച്ചതെന്നും എന്തിനാണ് കഴിച്ചതെന്നും സംബന്ധിച്ച വിവരങ്ങള് അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകൂ എന്നും അഡീഷണല് ഡെപ്യൂട്ടി കമ്മീഷണര് രാജേഷ് ദണ്ഡോടിയ പറഞ്ഞു.
ഇന്ഡോറിലെ പദ്രിനാഥ് പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. മാധ്യമപ്രവര്ത്തകരായി വേഷമിട്ടെത്തിയ ട്രാന്സ്ജെന്ഡര് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന കേസിലെ പൊലീസ് നിഷ്ക്രിയത്വത്തിനെതിരായ പ്രതിഷേധമായിരുന്നു കൂട്ട ജീവനൊടുക്കല് ശ്രമമെന്നും റിപ്പോർട്ടുണ്ട്.
മാധ്യമപ്രവര്ത്തകര് എന്ന് അവകാശപ്പെട്ട് രണ്ട് പുരുഷന്മാര് ഒരു ട്രാന്സ്ജെന്ഡര് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി. പരാതി നല്കിയിട്ടും അധികൃതര് കൃത്യമായ നടപടികള് എടുത്തില്ലെന്നും നിരന്തരമായ അവഗണനയില് മനംനൊന്താണ് ട്രാൻസ്ജെൻഡർ വ്യക്തികൾ കൂട്ടത്തോടെ ജീവനൊടുക്കാന് ശ്രമിച്ചതെന്നുമാണ് വിവരം.
Content Highlights: 25 transgenders consume phenyl in madhyapradesh hospitalised