ഛണ്ഡിഗഡ്: ചികിത്സ നിഷേധിക്കപ്പെട്ട് റോഡരികില് പ്രസവിച്ച 27കാരിയുടെ നവജാതശിശു മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പല്വാലിലാണ് സംഭവം. പുതിയ അള്ട്രാസൗണ്ട് സ്കാൻ റിപ്പോര്ട്ട് ഇല്ലെന്ന് പറഞ്ഞാണ് പ്രാദേശിക സര്ക്കാര് ആശുപത്രിയായ പല്വാല് സിവില് ആശുപത്രിയിലെ ഡോക്ടര്മാര് യുവതിക്ക് പ്രസവം നിഷേധിച്ചത്.
ഒരാഴ്ച മുമ്പുള്ള സ്കാനിങ് റിപ്പോര്ട്ട് കാണിച്ചെങ്കിലും പുതിയതില്ലെങ്കില് പ്രസവം നടത്തില്ലെന്ന് ഹോസ്പിറ്റല് അധികൃതര് യുവതിയുടെ കുടുംബത്തോട് പറയുകയായിരുന്നു. തുടര്ന്ന് ആംബുലന്സ് ലഭിക്കാത്തതിനാല് യുവതിയുടെ ഭര്ത്താവ് മോട്ടോര്സൈക്കിളില് അടുത്തുള്ള സ്വകാര്യ ലാബിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് കുടുംബം നല്കിയ പരാതിയില് പറയുന്നു.
'ലാബിന്റെ മുന്നിലെത്തിയതും യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. റോഡരികില് നില്ക്കവേ അവര് ഒരു ആണ്കുഞ്ഞിന് ഭാഗികമായി ജന്മം നല്കുകയായിരുന്നു', മുതിര്ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. വഴിയാത്രക്കാര് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാന് വേണ്ടി ഓടിയെത്തിയെങ്കിലും നവജാതശിശു മരിച്ചു.
യുവതിയുടെ വീട്ടില് നിന്നും ഏകദേശം നാല് മണിക്കൂര് യാത്ര ചെയ്താണ് ഞായറാഴ്ച പല്വാല് സിവില് ആശുപത്രിയിലെത്തിയത്. പ്രസവവേദനയെടുത്ത് യുവതി അലറികരഞ്ഞിട്ടും ആരും അന്വേഷിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. 'പുതിയ അള്ട്രാ സൗണ്ട് സ്കാനുണ്ടെങ്കിലേ യുവതിയെ ചികിത്സിക്കുകയുള്ളുവെന്ന് ഡോക്ടര് പറഞ്ഞു. ഞങ്ങളുടെ കയ്യില് ഒരാഴ്ച മുമ്പത്തെ സ്കാനിങ്ങുണ്ടെന്ന് പറഞ്ഞെങ്കിലും അവര് അത് സ്വീകരിച്ചില്ല. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറവാണെന്ന് അവര് പറഞ്ഞിട്ടും ടെസ്റ്റിന് വേണ്ടി ഞങ്ങളെ നിര്ബന്ധിക്കുകയായിരുന്നു. ആംബുലന്സില്ലാത്തതിനാല് മറ്റൊരു മാര്ഗവുമില്ലാതെ ഞങ്ങള് മോട്ടോര്സൈക്കിളില് അവളെ കൂട്ടിപ്പോകുകയായിരുന്നു', യുവതിയുടെ ഭര്ത്താവിന്റെ മാതാവ് പറഞ്ഞു.
കുഞ്ഞ് മരിച്ചതിന് പിന്നാലെ യുവതിയുടെ കുടുംബം ആശുപത്രിയില് തിരിച്ചെത്തി പ്രതിഷേധം സംഘടിപ്പിച്ചു. ഞായറാഴ്ച ആശുപത്രിയിലെ അള്ട്രാസൊണോഗ്രഫി യൂണിറ്റ് അവധിയായിരിക്കുമെന്നും ആ ദിവസം ആളുകളെ ആശുപത്രിക്കടുത്തുള്ള സ്വകാര്യ കേന്ദ്രത്തിലേക്ക് അയക്കുന്നത് സ്ഥിരമാണെന്നും പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് അയച്ചെന്ന് പല്വാല് സിറ്റി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര് ഇന്സ്പെക്ടര് പ്രകാശ് ചന്ദ് അറിയിച്ചു.
Content Highlights: Woman in labor denied treatment newborn dies tragically in Palwal