പ്രശസ്ത നടന് പങ്കജ് ധീര് അന്തരിച്ചു. 68 വയസ്സായിരുന്നു. ബി ആര് ചോപ്രയുടെ മഹാഭാരതം പരമ്പരയില് കര്ണന്റെ വേഷം അഭിനയിച്ചാണ് പങ്കജ് പ്രേക്ഷക മനം കവര്ന്നത്. ഏറെ നാളുകളായി അര്ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഏതാനും മാസങ്ങള്ക്ക് മുന്പ് ആരോഗ്യനില വഷളാവുകയും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
1988 ല് സംപ്രേഷണം ചെയ്ത മഹാഭാരത്തിലെ കര്ണന്റെ വേഷം പങ്കജിന്റെ എക്കാലവും ഓര്ത്തിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ്. ചന്ദ്രകാന്ത, ബധോ ബാഹു, സീ ഹൊറര് ഷോ, കാനൂന് തുടങ്ങിയ ടിവി സീരിയലുകളും സോള്ജിയര്, ആന്ദാസ്, ബാദ്ഷാ, തുംകോ നാ ഭൂല് പായേംഗേ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മൈ ഫാദര് ഗോഡ്ഫാദര് എന്ന സിനിമയും പങ്കജ് സംവിധാനം ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചന്, സല്മാന് ഖാന്, ഇര്ഫാന് ഖാന് തുടങ്ങിയ താരങ്ങള്ക്കൊപ്പവും പങ്കജ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 1990 ല് കെ മധു സംവിധാനം ചെയ്ത രണ്ടാം വരവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിരുന്നു. സംസ്കാരം ബുധനാഴ്ച വൈകുന്നേരം 4.30ന് മുംബൈയിലെ സാന്താക്രൂസിനടുത്തുള്ള പവന് ഹാന്സ് ശ്മശാനത്തില് നടക്കും.
Content Highlights: Actor pankaj dheer passed away