ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മെഡിക്കൽ വിദ്യാർത്ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദ പരാമർശവുമായി തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ്. രാത്രികാലങ്ങളിൽ സ്ത്രീകൾ പുറത്തിറങ്ങരുതെന്നും പൊലീസിന് എപ്പോഴും എല്ലായിടത്തും എത്തിപ്പെടാനും സുരക്ഷയൊരുക്കാനാവില്ലെന്നുമാണ് നേതാവിന്റെ പരാമർശം. രാത്രി 12.30ന് പെൺകുട്ടി എങ്ങനെ പുറത്തെത്തിയെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിവാദ പരാമർശത്തിന് തൊട്ടുപിന്നാലെയാണ് സ്വന്തം പാർട്ടിയിൽനിന്ന് മറ്റൊരു നേതാവും സമാനരീതിയിലുള്ള പരാമർശം നടത്തുന്നത്.
'ബംഗാളിൽ ഇത്തരം കേസുകൾ അപൂർവമാണ്. മറ്റേത് സ്ഥലങ്ങളിലേതിനേക്കാളും മെച്ചപ്പെട്ട സ്ത്രീസുരക്ഷയാണ് ബംഗാളിലേത്. രാത്രികാലങ്ങളിൽ സ്ത്രീകൾ കോളേജിന് പുറത്തിറങ്ങരുത്. പൊലീസിന് എല്ലായ്പ്പോഴും സുരക്ഷയൊരുക്കാനും കഴിഞ്ഞെന്നുവരില്ല. പൊലീസിന് എല്ലാ റോഡുകളിലും എത്തിപ്പെടാനായെന്ന് വരില്ല. അതിനാൽ സ്ത്രീകളും ജാഗ്രത പാലിക്കണം' എന്നാണ് സൗഗത റോയ് പറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയും ഒഡീഷ സ്വദേശിനിയുമായ 23കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്.
സംഭവം ഞെട്ടിക്കുന്നതാണെന്നും ബംഗാൾ പൊലീസ് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും മമത ബാനർജി അറിയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ മമത നടത്തിയ പ്രതികരണമാണ് വിമർശനത്തിന് ഇടയാക്കിയത്. 'അവള് (ഇരയായ പെണ്കുട്ടി) ഒരു സ്വകാര്യ മെഡിക്കല് കോളേജിലാണ് പഠിക്കുന്നത്. ആരുടെ ഉത്തരവാദിത്വമാണ്? രാത്രി 12.30-ന് അവള്ക്ക് എങ്ങനെ പുറത്തിവരാന് കഴിഞ്ഞു?' എന്നാണ് ഈ വിഷയത്തില് മമത ആദ്യം പ്രതികരിച്ചത്.
തുടര്ന്ന് സ്വകാര്യ മെഡിക്കല് കോളേജുകള് അവരുടെ വിദ്യാര്ഥികളെ സംരംക്ഷിക്കണമെന്ന് പറഞ്ഞ മമത ബാനര്ജി 'അവരെ പുറത്തുവിടരുത്, അവര് അവരെ തന്നെ സംരക്ഷിക്കേണ്ടതുണ്ട്, അവിടം ഒരു വനമേഖലയാണ്' എന്നും പറഞ്ഞിരുന്നു. പ്രതികരണം വിവാദമായതോടെ താൻ പറഞ്ഞത് വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്ന വിശദീകരണവുമായി മമത രംഗത്തെത്തി.
Content Highlights: police can't be present everywhere says TMC MP Saugata Roy cotraversial remark on Durgapur issue at west bengal