കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം; ഉത്തരവിട്ട് സുപ്രീംകോടതി; വിജയ്ക്ക് ആശ്വാസം

ടിവികെയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടല്‍

ന്യൂഡല്‍ഹി: കരൂരില്‍ 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ സിബിഐ അന്വേഷണം. സുപ്രീംകോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി രൂപീകരിച്ചു. വിരമിച്ച ജഡ്ജിക്കായിരിക്കും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടിരുന്നു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതയുണ്ടായിരുന്ന ആധവ് അര്‍ജുനയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. ടിവികെയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വിരമിച്ച ജഡ്ജിയെ ഉടന്‍ തീരുമാനിക്കും.

നേരത്തേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി അത് അംഗീകരിച്ചില്ല. ടിവികെയുടെ ആവശ്യം തള്ളിയ ഹൈക്കോടതി ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതിനെതിരെയാണ് ടിവികെ സുപ്രീംകോടതിയെ സമീപിച്ചത്. കരൂര്‍ ദുരന്തത്തില്‍ ഏറെ പഴികേട്ട വിജയ്ക്ക് സിബിഐ അന്വേഷണം ആശ്വാസം നല്‍കുന്നതാണ്. ഡിഎംകെയുടെ അറിവോടെയുള്ള ദുരന്തമായിരുന്നു കരൂരിലേതെന്നായിരുന്നു ടിവികെയുടെ ആരോപണം. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു വിജയ് ഉന്നയിച്ചിരുന്നത്.

സെപ്റ്റംബര്‍ 27നായിരുന്നു കരൂരില്‍ വിജയ്‌യുടെ റാലി ദുരന്തത്തില്‍ കലാശിച്ചത്. ശനിയാഴ്ച തോറും ടിവികെ വിജയ്‌യുടെ റാലി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ സെപ്റ്റംബര്‍ 27 ശനിയാഴ്ച കരൂര്‍ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയായിരുന്നു അപകടം വരുത്തിവെച്ചത്. വിജയ്‌യെ കാണാന്‍ രാവിലെ മുതല്‍ വലിയ ജനക്കൂട്ടം വേലുചാമിപുരത്ത് തമ്പടിച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്കാണ് വിജയ് പരിപാടിക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്. ഇതിനകം തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. വിജയ് പ്രസംഗിച്ച് തുടങ്ങിയതോടെ ആളുകള്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിക്കുകയും ആളുകള്‍ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്‍കുകയും ചെയ്തു. ഇതോടെ ആളുകള്‍ കുപ്പിവെള്ളം പിടിക്കാന്‍ തിരക്ക് കൂട്ടുകയും തിക്കിലും തിരക്കിലുംപെടുകയുമായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ വിജയ് സ്ഥലത്തുനിന്ന് മാറി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് കുഴഞ്ഞുവീണവരെ കരൂര്‍ മെഡിക്കല്‍ കോളേജിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആദ്യ ദിവസം 38പേരാണ് മരിച്ചത്. ഈ സമയം കരൂര്‍ എംഎല്‍എ സെന്തില്‍ ബാലാജിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി. തൊട്ടടുത്ത ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സ്ഥലത്തെത്തി. ഈ സമയം വിജയ് ചെന്നൈയിലെ വീട്ടില്‍ എത്തിയിരുന്നു. 'ഹൃദയം തര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് ഒരു എക്‌സ് പോസ്റ്റും പങ്കുവെച്ചിരുന്നു.

അപകടം നടന്ന് തൊട്ടടുത്ത ദിവസമായ ഞായറാഴ്ച മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ 41 പേരുടെ മരണം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ വിജയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ കരൂര്‍ സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കി വിജയ് രംഗത്തെത്തി. ഉടന്‍ തന്നെ കരൂരിലേക്ക് എത്താനാണ് വിജയ്‌യുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് അനുമതി ലഭിച്ചാല്‍ ഉടന്‍ വിജയ് കരൂരിലേക്ക് തിരിക്കും.

Content Highlights- SC direct cbi to investigate karur stampede incident

To advertise here,contact us