കുടുംബ തർക്കം; ഒന്നര വയസ്സുള്ള കുഞ്ഞുമായി ഗുഡ്‌സ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി ദമ്പതികൾ

വൈകുന്നേരം ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതായും ശ്രീരാമുലുവിന്റെ മുത്തശ്ശി ഇവരെ ശകാരിച്ചതായും വിവരമുണ്ട്

കടപ്പ: ആന്ധ്രാപ്രദേശിൽ ഗുഡ്‌സ് ട്രെയിനിന് മുന്നിൽ ചാടി മൂന്നംഗ കുടുംബം ജീവനൊടുക്കി. ഞായറാഴ്ച രാത്രി 11 മണിയോടെ കടപ്പ റെയിൽവെ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. കടപ്പ സ്വദേശികളായ ശ്രീരാമുലു (35), സിരിഷ (30), ഒന്നര വയസ്സുള്ള മകൻ റിത്വിക് എന്നിവരാണ് മരിച്ചത്.

കുടുംബ വഴക്കിനെ തുടർന്നുള്ള കൂട്ട ആത്മഹത്യയെന്നാണ് ലഭിക്കുന്ന വിവരം. സംഭവം നടന്ന് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ റിംസ് ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരം ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതായും ശ്രീരാമുലുവിന്റെ മുത്തശ്ശി ഇവരെ ശകാരിച്ചതായും വിവരമുണ്ട്.

ഇതിൽ പ്രകോപിതരായ ദമ്പതികൾ കുട്ടിയുമായി വീടുവിട്ട് ജീവനൊടുക്കുകയായിരുന്നു. ഇവർ വീടുവിട്ടിറങ്ങിയതിന് പിന്നാലെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചതായും പ്രാദേശിക വൃത്തങ്ങൾ പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Andhra Couple Jumps In Front Of Train With Infant Son After Fight

To advertise here,contact us