വനിതാമാധ്യമപ്രവർത്തകരുടെ വിലക്ക് സാങ്കേതിക പ്രശ്‌നം;സ്ത്രീവിദ്യാഭ്യാസം ഹറാമെന്ന് പറഞ്ഞിട്ടില്ല:താലിബാൻ മന്ത്രി

പാകിസ്താന്‍ സമാധാന ചര്‍ച്ചയില്‍ പരാജയപ്പെട്ടാല്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും മുത്താഖി

ന്യൂഡല്‍ഹി: വാര്‍ത്താ സമ്മേളനത്തില്‍ നിന്നും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സാങ്കേതിക പ്രശ്‌നമാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്താഖി. പെട്ടെന്ന് നടത്തിയ വാര്‍ത്താ സമ്മേളനമായിരുന്നു അതെന്നും കുറച്ച് മാധ്യമപ്രവര്‍ത്തകരെയാണ് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം വന്നതിന് പിന്നാലെയാണ് മുത്താഖിയുടെ പ്രതികരണം. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇന്ന് മുത്താഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണമുണ്ടായിരുന്നു. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരില്‍ 80% പേരും വനിതകളായിരുന്നു.

'ഇതൊരു സാങ്കേതിക പ്രശ്‌നമാണ്. മറ്റൊരു പ്രശ്‌നവുമില്ല. മാധ്യമപ്രവര്‍ത്തകരുടെ ചെറിയ ഒരു കൂട്ടത്തെ ക്ഷണിക്കാന്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ മറ്റൊരു ഉദ്ദേശ്യവുമില്ല', മുത്താഖി പറഞ്ഞു. അഫ്ഗാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 10 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും ഇതില്‍ 2.8 ദശലക്ഷവും പെണ്‍കുട്ടികളാണെന്നും മുത്താഖി പറഞ്ഞു. 'മദ്രസകളില്‍ വിദ്യാഭ്യാസം ബിരുദ തലം വരെ നല്‍കാറുണ്ട്. ചില പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്. സ്ത്രീവിദ്യാഭ്യാസം മതപരമായി 'ഹറാം' ആണെന്ന് ഞങ്ങള്‍ എവിടെയും പ്രഖ്യാപിച്ചിട്ടില്ല. മറ്റൊരു ഉത്തരവ് വരുന്നത് വരെ നീട്ടിവെക്കുക മാത്രമാണ് ചെയ്തത്', മുത്താഖി പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ പാകിസ്താനില്‍ നടത്തിയ ആക്രമണത്തെക്കുറിച്ചും മുത്താഖി പ്രതികരിച്ചു. പാകിസ്താന്‍ സമാധാന ചര്‍ച്ചയില്‍ പരാജയപ്പെട്ടാല്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും മുത്താഖി പറഞ്ഞു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കാന്‍ പാകിസ്താനിലെ ചില വിഭാഗങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പാകിസ്താനിലെ ഭൂരിഭാഗം പേരും സമാധാനപ്രിയരും അഫ്ഗാനിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവരുമാണ്. പാകിസ്താനിലെ സാധാരണക്കാരോട് ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. പ്രശ്‌നമുണ്ടാക്കുന്ന ഒരു വിഭാഗം പാകിസ്താനിലുണ്ട്. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തികളും രാജ്യതാല്‍പര്യവും സംരക്ഷിക്കും. ഇന്നലെ രാത്രി നമ്മള്‍ നമ്മുടെ സൈനിക ലക്ഷ്യങ്ങള്‍ നേടിയെടുത്തു. നമ്മുടെ സുഹൃത്തുക്കളായ ഖത്തറും സൗദി അറേബ്യയും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് അറിയിച്ചു. അതുകൊണ്ട് നമ്മുടെ ഭാഗത്ത് നിന്ന് സംഘര്‍ഷം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സാഹചര്യം ഇപ്പോള്‍ നിയന്ത്രണവിധേയമാണ്', മുത്താഖി പറഞ്ഞു.

Content Highloights: Taliban foreign minister Amir Khan Muttaqi about women education

To advertise here,contact us