കൊല്ക്കത്ത: പശ്ചിമബംഗാളിലെ ദുര്ഗാപൂരില് എംബിബിഎസ് വിദ്യാര്ത്ഥിനി പീഡിപ്പിക്കപ്പെട്ടു. 23-കാരിയായ ഒഡീഷ സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഇവര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി സുഹൃത്തിനൊപ്പം കോളേജ് ക്യാംപസില് നിന്ന് പുറത്ത് പോകുമ്പോഴായിരുന്നു സംഭവം.
മൂന്നുപേര് യുവതിയെയും സുഹൃത്തിനെയും പിന്തുടര്ന്നു. ഭയന്ന സുഹൃത്ത് സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. യുവതി ഓടാന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്ന്ന് പ്രതികള് യുവതിയെ പിടികൂടി സമീപത്തെ ഒരു കാട്ടിലേക്ക് കൊണ്ടുപോയി. പിന്നാലെ പ്രതികളുടെ സഹായികളായ രണ്ടുപേര്കൂടി സ്ഥലത്തെത്തി. അതിലൊരാളാണ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഘം യുവതിയുടെ മൊബൈല് ഫോണ് തട്ടിപ്പറിക്കുകയും ഒച്ചവെച്ചാല് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിവരം ലഭിച്ചയുടന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില് പ്രവേശിപ്പിച്ചു. മെഡിക്കല് കോളേജ് ജീവനക്കാരെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു.
മകളുടെ സുഹൃത്താണ് സംഭവം അറിയിച്ചതെന്ന് വിദ്യാര്ത്ഥിനിയുടെ പിതാവ് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. 'ഞാന് അവിടെ എത്തിയപ്പോള് മകളുടെ നില ഗുരുതരമായിരുന്നു. ആശുപത്രി അധികൃതരില് നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല', അദ്ദേഹം ആരോപിച്ചു. മകളെ ഡോക്ടറാക്കുക എന്ന സ്വപ്നത്തോടെയാണ് താന് അവളെ കോളേജില് ചേര്ത്തതെന്നും മകള്ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള് മറ്റൊരു പെണ്കുട്ടിക്കും ഉണ്ടാകരുത്. ക്യാമ്പസില് ശരിയായ സുരക്ഷയില്ലെന്നും പിതാവ് ആരോപിച്ചു.
സ്ത്രീ സുരക്ഷ സംബന്ധിച്ച് മമത ബാനര്ജി സര്ക്കാരിനെതിരെ പശ്ചിമബംഗാളില് വലിയ രീതിയില് വിമര്ശനം ഉയരുന്ന സമയത്താണ് വീണ്ടും സമാന കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്ഷം ഓഗസ്റ്റ് ആറിന് ആര്ജി കര് മെഡിക്കല് കോളജിലെ പിജി ട്രെയിനി ഡോക്ടര് ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് വലിയ ചര്ച്ചകള്ക്ക് വഴിവെച്ചിരുന്നു.
Content Highlights: Medical student assaulted in bengal