പാട്ന: ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പില് സീറ്റ് ചര്ച്ചകള് പുരോഗമിക്കുന്നതിനിടെ എന്ഡിഎയില് കലാപം ഉയര്ത്തി ഹിന്ദുസ്ഥാന് അവാം മോര്ച്ച (എച്ച്എഎം) നേതാവും കേന്ദ്രമന്ത്രിയുമായ ജിതന് റാം മാഞ്ചി. പ്രതീക്ഷിച്ച സീറ്റ് കിട്ടിയില്ലെങ്കില് 20 സീറ്റില് ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഭീഷണി. ജിതന് റാം മാഞ്ചിയുടെ പാര്ട്ടിക്ക് ഏഴ് മുതല് എട്ട് സീറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല് പതിനഞ്ച് സീറ്റെങ്കിലും വേണമെന്നാണ് ജിതന് റാം മാഞ്ചിയുടെ നിലപാട്. സീറ്റ് ലഭിക്കാത്ത പക്ഷം വലിയ തീരുമാനങ്ങളിലേക്ക് കടക്കുമെന്നും ജിതന് റാം മാഞ്ചി പറയുന്നു.
സീറ്റ് ചര്ച്ചകള് ആരംഭിച്ച ഘട്ടങ്ങളില് തന്നെ കടുംപിടുത്തത്തിലാണ് ജിതന് റാം മാഞ്ചി. പാര്ട്ടിക്ക് കരുത്ത് തെളിയിക്കാന് കഴിയുമെന്നാണ് മാഞ്ചിയുടെ വിലയിരുത്തല്. നേരത്തേ പതിനഞ്ച് സീറ്റുകള് ലഭിച്ചില്ലെങ്കില് മത്സരിക്കില്ലെന്നായിരുന്നു മാഞ്ചിയുടെ നിലപാട്. എന്നാല് സീറ്റുചര്ച്ചകള് മുറുകിയതോടെ മാഞ്ചി നിലപാട് കടുപ്പിക്കുകയായിരുന്നു. പ്രതീക്ഷിക്കുന്ന സീറ്റുകള് നല്കിയില്ലെങ്കില് കടുത്ത തീരുമാനമെടുക്കുമെന്നാണ് നിലപാട്. തങ്ങള് സീറ്റ് ആവശ്യപ്പെടുകയല്ല, അഭ്യര്ത്ഥിക്കുകയാണെന്ന് മാഞ്ചി പറയുന്നു. തങ്ങള് എക്കാലത്തും എന്ഡിഎയെ പിന്തുണച്ചിട്ടുണ്ടെന്നും തങ്ങള്ക്ക് അര്ഹിക്കുന്ന ബഹുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അവരുടെ കടമയാണെന്നും മാഞ്ചി പറയുന്നു. വേണ്ട രീതിയില് പരിഗണിക്കാത്ത പക്ഷം 20 സീറ്റില് ഒറ്റക്ക് മത്സരിക്കുമെന്നും മാഞ്ചി വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദയെ മാഞ്ചി നിലപാട് അറിയിച്ചതായാണ് സൂചന.
സീറ്റ് ചര്ച്ചയില് ലോക ജനശക്തി പാര്ട്ടി നേതാവ് ചിരാഗ് പസ്വാനും അതൃപ്തനാണ്. 25 സീറ്റുകള് വേണമെന്നാണ് ചിരാഗ് പസ്വാന്റെ നിലപാട്. നേരത്തേ 20 മുതല് 22 സീറ്റുകളില് മത്സരിക്കാന് തയ്യാറാണെന്നായിരുന്നു പസ്വാന്റെ നിലപാട്. എന്നാല് സീറ്റ് ചര്ച്ചകള് കടുത്തതോടെ പസ്വാന് നിലപാട് മാറ്റുകയായിരുന്നു. പസ്വാന്റെ പാര്ട്ടിയിലെ ചില നേതാക്കള് 40 സീറ്റുകള് വരെ ആവശ്യപ്പെട്ടതായാണ് റിപ്പോര്ട്ടുകള്. എന്ഡിഎയിലെ ശക്തി കേന്ദ്രങ്ങളായ ബിജെപിയും ജെഡിയുവും 101, 102 സീറ്റുകളില് മത്സരിച്ചേക്കുമെന്നാണ് വിവരം. ബിജെപിയുടെ തെരഞ്ഞെടുപ്പ് സമിതി നാളെ യോഗം ചേരുന്നുണ്ട്. തിങ്കളാഴ്ചയോടെ ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടിക പുറത്തുവിടാനാണ് എന്ഡിഎയുടെ നീക്കം.
അതേസമയം, സീറ്റ് വിഭജനത്തില് മഹാസഖ്യം ധാരണയിലെത്തിയതായാണ് വിവരം. ആര്ജെഡി 135 സീറ്റിലും കോണ്ഗ്രസ് 55 സീറ്റിലും മത്സരിച്ചേക്കും. 2020ല് ആര്ജെഡി 144 സീറ്റിലും കോണ്ഗ്രസ് 70 സീറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. ഇത്തവണ രണ്ട് പാര്ട്ടികള്ക്കും സീറ്റുകളുടെ എണ്ണം കുറയും. കഴിഞ്ഞ തവണ 19 സീറ്റില് മത്സരിച്ച സിപിഐഎംഎല്ലിന് 20 സീറ്റ് നല്കാനാണ് ധാരണ. 12 സീറ്റുകളില് ഇപ്പോഴും തര്ക്കം തുടരുന്നു. സീറ്റ് വിഭജനവും, സ്ഥാനാര്ത്ഥി നിര്ണയവും ചര്ച്ച ചെയ്യാന് പട്നയില് ലാലുപ്രസാദ് യാദവിന്റെയും തേജസ് യാദവിന്റെയും നേതൃത്വത്തില് ആര്ജെഡി യോഗം ചേര്ന്നു. തേജസ്വി യാദവ് ഡല്ഹിയിലെത്തി രാഹുല് ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
Content Highlights- Jitan Ram Manjhi upset with seat discussions over bihar election