ചെന്നൈ: കരൂര് ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവും നടനുമായ വിജയ് എന്ഡിഎയിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി സൂചന. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമിയാണ് വിജയ്യെ മുന്നണിയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വിജയ്യുമായി എടപ്പാടി ഫോണിൽ സംസാരിച്ചതായാണ് വിവരം. പൊങ്കലിന് ശേഷം തീരുമാനമറിയിക്കാമെന്ന് വിജയ് പറഞ്ഞതായാണ് വിവരം.
2026ല് തമിഴ്നാട്ടില് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡിഎംകെയ്ക്കെതിരെ ഒന്നിച്ച് നില്ക്കാന് വേണ്ടിയാണ് വിജയ്യെ കൂടെ കൂട്ടാൻ എന്ഡിഎ തീരുമാനിച്ചത് എന്നാണ് സൂചന. ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ച വിജയ് ബിജെപി പ്രബല ശക്തിയായ എന്ഡിഎ മുന്നണിയിലേക്ക് ചേക്കേറുമോ എന്നതാണ് തമിഴകം ഉറ്റുനോക്കുന്നത്.
അതിനിടെ കരൂര് സന്ദര്ശനത്തില് ഡിജിപി ജി വെങ്കിട്ടരാമനെതിരെ അസാധാരണ ഉപാധികള് വച്ചിരിക്കുകയാണ് വിജയ്. ആരും പിന്തുടരുതെന്നും സായുധ സംഘം ഒപ്പമുണ്ടാകണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. വേദിക്ക് ചുറ്റം സുരക്ഷാ ഇടനാഴിവെയ്ക്കണമെന്നതാണ് മറ്റൊരു ഉപാധി. വിജയ്യുടെ അഭിഭാഷകനാണ് നിര്ദേശങ്ങള് അടങ്ങിയ കത്ത് ഡിജിപിക്ക് കൈമാറിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പകര്പ്പ് കൈമാറിയിട്ടുണ്ട്.
കരൂര് ദുരന്തത്തിന് പിന്നാലെ വിജയ്ക്കെതിരെ വ്യാപക വിമര്ശനം ഉയര്ന്നിരുന്നു. ഇതിന് പിന്നാലെയാണ് കരൂര് സന്ദര്ശിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങള് ഒരുക്കണം എന്നാവശ്യപ്പെട്ട് ടിവികെ ഡിജിപിക്ക് അപേക്ഷ നല്കിയത്. യാത്രാ അനുമതിക്കും സുരക്ഷ ഒരുക്കുന്നതിനും കരൂര് ജില്ലാ പൊലീസ് മേധാവിയെ സമീപിക്കാം എന്നായിരുന്നു ഡിജിപി നല്കിയ മറുപടി. യാത്രാ വിവരങ്ങള് ലഭിച്ചാല് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും ഡിജിപി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് മുന്നില് ടിവികെ ഉപാധികള്വെച്ചത്.
മതിയായ സുരക്ഷ ഒരുക്കുന്ന പക്ഷം ഏറ്റവും അടുത്ത ദിവസം തന്നെ കരൂരില് എത്താനാണ് വിജയ് ലക്ഷ്യംവെയ്ക്കുന്നത്. അപകടത്തില് മരിച്ചവരുടെ കുടുംബാംഗങ്ങളെ വീട്ടില് പോയി കാണുന്നതിന് പകരം കരൂരില് പ്രത്യേക വേദി ഒരുക്കാനാണ് ടിവികെ ലക്ഷ്യംവെയ്ക്കുന്നത്. ഇതിനായി രണ്ട് വേദികള് പ്രവര്ത്തകര് കണ്ടെത്തിയതായാണ് റിപ്പോര്ട്ടുകള്. കൂടിക്കാഴ്ച തീര്ത്തും സ്വകാര്യമായിരിക്കുമെന്നാണ് ടിവികെ വൃത്തങ്ങള് പറയുന്നത്. അപകടത്തില് മരിച്ചവരുടെ കുടുംബാംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട ചില പ്രവര്ത്തകരും മാത്രമായിരിക്കും അവിടെ ഉണ്ടാകുക. പൊലീസ് എല്ലാ ഉത്തരവാദിത്വങ്ങളും തങ്ങളുടെ തലയില് കെട്ടിവെയ്ക്കാന് ശ്രമിക്കുകയാണ്. തങ്ങള് എല്ലാ വ്യവസ്ഥകളും പാലിക്കാന് തയ്യാറാണ്. എന്നാല് പൊലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നും ടിവികെ വൃത്തങ്ങള് പറയുന്നു.
സെപ്തംബര് 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്പ്പെടെ 41 പേര്ക്കാണ് ജീവന് നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര് വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള് കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്പസമയം കഴിഞ്ഞപ്പോള് തന്നെ ആളുകള് തളര്ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്ത്തകരും അടക്കമുള്ളവര് ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ വിജയ് ചെന്നൈയിലെ വസതിയിലേക്കാണ് പോയത്. ഈ സമയം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് മന്ത്രിമാരും എംഎല്എമാരും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള് വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങള്ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്ക്ക് രണ്ട് ലക്ഷം രൂപയും സര്ക്കാര് ധനസഹായം പ്രഖ്യാപിച്ചു. വീട്ടിലെത്തിയ ശേഷം എക്സിലൂടെ വിജയ് പ്രതികരിച്ചിരുന്നു. ഹൃദയം തകര്ന്നിരിക്കുന്നുവെന്നായിരുന്നു വിജയ്യുടെ പ്രതികരണം. സംഭവം നടന്ന് 68 മണിക്കൂറിന് ശേഷം ഒരു വീഡിയോയും വിജയ് പങ്കുവെച്ചിരുന്നു. ഇതില് ഡിഎംകെ സര്ക്കാരിനെ വിജയ് പഴിചാരിയിരുന്നു.
ദീര്ഘനാളത്തെ അഭ്യൂഹങ്ങള്ക്കൊടുവില് 2024 ഫെബ്രുവരി രണ്ടിനായിരുന്നു വിജയ്യുടെ രാഷ്ട്രീയ പ്രഖ്യാപനം. ഒക്ടോബറില് വിഴിപ്പുറത്തെ വിക്രമപാണ്ഡിയില് വച്ച് ടിവികെ എന്ന തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളനത്തോടെ വിജയ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചു. ഡിഎംകെയെ രാഷ്ട്രീയ എതിരാളിയായും ബിജെപിയെ പ്രത്യയശാസ്ത്ര എതിരാളിയായി പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് ടിവികെ തമിഴക രാഷ്ട്രീയത്തിലേക്ക് ചേക്കേറി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും പ്രധാനമന്ത്രിയെയും ബിജെപിയെയും അതിന്റെ പ്രത്യയ ശാസ്ത്രങ്ങളെയും കടുത്ത ഭാഷയില് വിമര്ശിച്ചുകൊണ്ടായിരുന്നു വിജയ്യുടെ ഓരോ പ്രസംഗങ്ങളും.
Content Highlight; Vijay is reportedly planning to join the NDA?