അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച യുവ നടൻ കഴുത്തറുത്ത് കൊല്ലപ്പെട്ടു; വയറുകൾ കൊണ്ട് ബന്ധിച്ചു, മുഖം വികൃതമാക്കി

അർധനഗ്നനായി പ്ലാസ്റ്റിക് വയറുകളാൽ ബന്ധിയാക്കപ്പെട്ട നിലയിലായിരുന്നു ബാബു രവി.

നാഗ്പൂർ: അമിതാഭ് ബച്ചനൊപ്പം സിനിമയിൽ അഭിനയിച്ച യുവതാരം ബാബു രവി സിങ് ഛേത്രി കൊല്ലപ്പെട്ടു. 21 വയസായിരുന്നു. പ്രിയാൻഷു എന്ന പേരിൽ അറിയപ്പെടുന്ന ബാബു രവിയെ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ സുഹൃത്ത് ധ്രുവ് ലാൽ ബഹദൂർ സഹു (20) കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ ജരിപട്ക പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

ബാബു രവിയും ധ്രുവും ബുധനാഴ്ച പുലർച്ചെ മദ്യപിക്കാനായി നാരി പ്രദേശത്തെ ആൾത്താമസമില്ലാത്ത വീട്ടിലെത്തിയിരുന്നു. അവിടെ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ധ്രുവിനെ ബാബു രവി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ ബാബു ഉറങ്ങുകയും ചെയ്തു. എന്നാൽ തന്നെ ബാബു രവി എന്തെങ്കിലും ചെയ്യുമെന്ന് ഭയന്ന ധ്രുവ്, കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി മുഖം പാറക്കല്ല് കൊണ്ട് അടിച്ച് വികൃതമാക്കുകയായിരുന്നു.

സംഭവം നടന്ന് പിറ്റേന്നാണ് ബാബു രവിയെ നാട്ടുകാർ പ്രദേശത്ത് നിന്നും കണ്ടെത്തിയത്. അർധനഗ്നനായി പ്ലാസ്റ്റിക് വയറുകളാൽ ബന്ധിയാക്കപ്പെട്ട നിലയിലായിരുന്നു ബാബു രവി. നാട്ടുകാർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അതേസമയം ധ്രുവ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ബാബു രവിക്കെതിരെയും കേസുകളുള്ളതായാണ് വിവരം. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ തുടർന്ന് ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അമിതാഭ് ബച്ചൻ അഭിനയിച്ച 'ജുന്ദ്' എന്ന ചിത്രത്തിലാണ് ബാബു രവി അഭിനയിച്ചിട്ടുള്ളത്. നാഗ്‌രാജ് മഞ്ജുളെ സംവിധാനം ചെയ്ത ചിത്രം നാഗ്പൂരിലെ ചേരികളിൽ നിന്നുള്ള കുട്ടികളെ ഉൾപ്പെടുത്തി ഫുട്‌ബോൾ ടീം രൂപീകരിച്ച വിജയ് ബർസെയുടെ ജീവിത കഥ പറയുന്ന സിനിമയാണ്.

Content Highlights: Amitabh Bachchan's Jhund co-star Babu Chhetri killed by friend

To advertise here,contact us