പട്ന: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറില് വമ്പര് വാഗ്ദാനങ്ങളുമായി ആര്ജെഡി നേതാവ് തേജസ്വി യാദവ്. ആര്ജെഡി അധികാരത്തില് എത്തിയാല് സംസ്ഥാനത്തെ ഓരോ വീട്ടിലും കുറഞ്ഞത് ഒരാള്ക്കെങ്കിലും സര്ക്കാര് ജോലി ഉറപ്പാക്കുമെന്നാണ് തേജസ്വി യാദവിന്റെ വാഗ്ദാനം. സര്ക്കാര് രൂപീകരിച്ച് ഇരുപത് ദിവസത്തിനകം തൊഴില് ഉറപ്പാക്കുന്നതിനായി നിയമമുണ്ടാക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. ആര്ജെഡി അധികാരമേറ്റ് 20 മാസത്തിനുളളില് സംസ്ഥാനമൊട്ടാകെ പദ്ധതി പൂര്ണമായും നടപ്പാക്കുമെന്നും ഒരു വീട്ടിലും സര്ക്കാര് ജോലി ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
'ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങള് ശാസ്ത്രീയ പഠനങ്ങള് നടത്തിയിട്ടുണ്ട്. ജോലി ആവശ്യമുളള കുടുംബങ്ങളുടെ പട്ടിക തന്നെ ഞങ്ങളുടെ കൈവശമുണ്ട്. സാധ്യമാകുന്ന പ്രഖ്യാപനം മാത്രമേ ഞങ്ങള് നടത്തുകയുളളു. വ്യാജ വാഗ്ദാനങ്ങളില്ല, ആരെയും വഞ്ചിക്കുന്നുമില്ല. വാഗ്ദാനം പാലിക്കുമെന്ന് പറയാന് തെളിവ് നല്കേണ്ട കാര്യവുമില്ല.': തേജസ്വി യാദവ് പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറിന്റെ ജന് സ്വരാജ് പാര്ട്ടി ബിഹാറിലെ ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. 51 മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥികളെയാണ് പ്രശാന്ത് കിഷോര് പ്രഖ്യാപിച്ചത്. ട്രാന്സ്ജെന്ഡര് സ്ഥാനാര്ത്ഥിയും പ്രശാന്ത് കിഷോറിന്റെ പാര്ട്ടി ചിഹ്നത്തില് മത്സരിക്കുന്നുണ്ട്. പ്രീതി കിന്നാര് ഗോപാല്ഗഞ്ചിലെ ഭോറെ മണ്ഡലത്തില് നിന്നായിരിക്കും മത്സരിക്കുക. പട്ടികയില് 16 ശതമാനം മുസ്ലീം സ്ഥാനാര്ത്ഥികളാണ്. പ്രശാന്ത് കിഷോര് ഇത്തവണ തെരഞ്ഞെടുപ്പില് മത്സരിക്കില്ല. ജന് സ്വരാജ് പാര്ട്ടി സ്ഥാനാര്ത്ഥികള് മത്സരിക്കുന്ന 243 മണ്ഡലങ്ങളിലും രാപ്പകലില്ലാതെ പ്രവര്ത്തിക്കേണ്ടതുണ്ടെന്നും അതിനാല് ഇത്തവണ മത്സരിക്കുന്നില്ലെന്നുമാണ് പ്രശാന്ത് കിഷോര് അറിയിച്ചത്. ബിഹാറില് വലിയ പ്രചാരണമാണ് ഇന്ത്യ സഖ്യത്തിനും എന്ഡിഎ സഖ്യത്തിനും എതിരെ പ്രശാന്ത് കിഷോര് നടത്തുന്നത്. വലിയ മുന്നേറ്റമുണ്ടാക്കില്ലെങ്കിലും രണ്ട് മുന്നണികള്ക്കും പ്രശാന്ത് കിഷോര് തലവേദനയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യാ സഖ്യത്തിലും ബിജെപി സഖ്യത്തിലും സീറ്റ് വിഭജന ചര്ച്ചകള് തുടരുകയാണ്. കോണ്ഗ്രസ് 58 സീറ്റില് മത്സരിച്ചേക്കുമെന്നാണ് സൂചന. ആര്ജെഡി 125 സീറ്റിലും മത്സരിച്ചേക്കും. കൂടുതല് സീറ്റ് ആവശ്യപ്പെട്ട് കടുത്ത നിലപാടിലാണ് ഇടതുപക്ഷ പാര്ട്ടികള്. 15 സീറ്റെങ്കിലും കിട്ടിയില്ലെങ്കില് മത്സരിക്കാനില്ല എന്നാണ് ബിജെപി സഖ്യത്തില് ഹിന്ദുസ്ഥാനി ആവാം മോര്ച്ച നേതാവ് ജിതൻ റാം മാഞ്ചിയുടെ ഭീഷണി. ചിരാഗ് പസ്വാനാണ് മറ്റൊരു ഭീഷണി. 45 എന്ഡിഎയുടെ ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടിക ഒക്ടോബര് 13ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ബിഹാറിലെ 243 മണ്ഡലങ്ങളിലേക്കുമുളള തെരഞ്ഞെടുപ്പ് നവംബറിലാണ് നടക്കുക. നവംബര് ആറിനും നവംബര് പതിനൊന്നിനുമായി രണ്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില് വോട്ടെടുപ്പ് നവംബര് പതിനാലിന് നടക്കും.
Content Highlights: A government job for every household: Tejashwi Yadav makes big promises in Bihar