ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്കെതിരെ ഷൂ ഏറുണ്ടായതിന് പിന്നാലെ പ്രകോപന പരാമർശം നടത്തിയ യൂട്യൂബറെ ചോദ്യം ചെയ്ത് പൊലീസ്. യൂട്യൂബർ അജീത് ഭാരതിയെയാണ് ഉത്തർപ്രദേശ് പൊലീസ് ചോദ്യം ചെയ്തത്. ഹിന്ദുവികാരം വ്രണപ്പെടുത്തിയാൽ കോടതിക്കുള്ളിൽ സംഭവിച്ചത് തെരുവിൽ സംഭവിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി പരാമർശം. അതേസമയം ചീഫ് ജസ്റ്റിസിനെതിരായ ഷൂ ഏറിൽ പ്രതിഷേധം ശക്തമാണ്.
തിങ്കളാഴ്ച രാവിലെയാണ് ജഡ്ജിമാരുടെ ഡയസിനടുത്തെത്തി അഭിഭാഷകനായ രാകേഷ് കിഷോര് ചീഫ് ജസ്റ്റിസ് ബി ആര് ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ചത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര് സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 'സനാതന ധര്മ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല' എന്ന് വിളിച്ചുപറഞ്ഞാണ് രാകേഷ് കിഷോര് ബിആര് ഗവായിക്ക് നേരെ ഷൂ എറിയാന് ശ്രമിച്ചത്. ആക്രമണ ശ്രമത്തില് പതറാതിരുന്ന ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് അഭിഭാഷകരോട് വാദങ്ങള് തുടരാന് ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകനെതിരെ കേസെടുക്കേണ്ട എന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. ഇതേത്തുടര്ന്ന് രാകേഷ് കിഷോറിനെ ദില്ലി പൊലീസ് സംഭവ ദിനം തന്നെ വിട്ടയച്ചിരുന്നു.
അതേസമയം കോടതി മുറിക്കുളളില് ചീഫ് ജസ്റ്റിസിന് നേരെ ഷൂസെറിയാന് ശ്രമിച്ചതില് കുറ്റബോധമില്ലെന്നാണ് പ്രതി രാകേഷ് കിഷോര് പ്രതികരിച്ചത്. തനിക്ക് പിന്നില് ദിവ്യശക്തിയുടെ പ്രേരണയുണ്ടെന്നും അഭിഭാഷകന് കൂടിയായ പ്രതി പറഞ്ഞിരുന്നു. ഖജുരാഹോ ജവാരി ക്ഷേത്രം സംബന്ധിച്ച ചീഫ് ജസ്റ്റിസിന്റെ വിധിക്ക് ശേഷം തനിക്ക് ഉറങ്ങാന് കഴിഞ്ഞിട്ടില്ലെന്നും ഇത്തരമൊരു വിധി കേട്ടിട്ട് എങ്ങനെ വെറുതെയിരിക്കാന് കഴിയുന്നുവെന്ന് എല്ലാ രാത്രിയും ദൈവം തന്നോട് ചോദിച്ചെന്നുമായിരുന്നു പ്രതിയുടെ വിചിത്ര വാദം.
ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യത്തില് ഗവായ് നടത്തിയ പരാമര്ശം ചര്ച്ചയായിരുന്നു. വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യം വിഷ്ണു ഭഗവാനോട് തന്നെ പറയൂവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശി രാകേഷ് ദലാല് നല്കിയ പൊതുതാല്പര്യ ഹര്ജി പരിഗണിക്കാന് വിസമ്മതിച്ചായിരുന്നു അന്ന് സുപ്രീം കോടതിയുടെ നിര്ദ്ദേശം. വിഗ്രഹം പുനപ്രതിഷ്ഠിക്കാത്തത് വിശ്വാസിയുടെ മൗലികാവകാശ ലംഘനമാണ് എന്ന വാദം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. ഇത് സമൂഹമാധ്യമങ്ങളില് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചീഫ് ജസ്റ്റിസ് മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.
സംഭവത്തിൽ അഭിഭാഷകന് രാകേഷ് കിഷോറിനെ ബാര് കൗണ്സില് ഓഫ് ഇന്ത്യ സസ്പെന്ഡ് ചെയ്തു. രാകേഷ് കിഷോറിന്റെ പ്രവര്ത്തി കടുത്ത അച്ചടക്ക ലംഘനമാണെന്ന് സസ്പെന്ഷന് ഉത്തരവില് ഒപ്പിട്ട ബിസിഐ ചെയര്മാന് മനാന് കുമാര് മിശ്ര അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ബാര് അസോസിയേഷനും സുപ്രീംകോടതി അഡ്വക്കേറ്റസ്-ഓണ്-റെക്കോര്ഡ് അസോസിയേഷനും നടപടിയെ അപലപിച്ചിരുന്നു.
Content Highlights: YouTuber Ajeet Bharti faces scrutiny for remarks against CJI BR Gavai after shoe-hurling incident