ന്യൂഡൽഹി: ടാറ്റാ ട്രസ്റ്റ് അംഗങ്ങൾക്കിടയിലെ തർക്കങ്ങളിലും ഉൾപ്പോരിനുമിടയിൽ ടാറ്റാ ഗ്രൂപ്പിലെ പ്രധാനികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഷായുടെ ഡൽഹിയിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ധനമന്ത്രി നിർമല സീതാരാമനും പങ്കാളിയായി. ടാറ്റാ ട്രസ്റ്റിലെ തർക്കങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കൂടിക്കാഴ്ച.
ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ, ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ, ട്രസ്റ്റ് വൈസ് ചെയർമാൻ വേണു ശ്രീനിവാസൻ, ട്രസ്റ്റി ദാരിയസ് ഖംബട്ട എന്നിവരാണ് അമിത് ഷായെ കണ്ടത്. ട്രസ്റ്റികൾക്കിടയിലെ ഭിന്നത പരിഹരിക്കാനും കമ്പനിയുടെ പബ്ലിക്ക് ലിസ്റ്റിങ്ങിൽ തീരുമാനമുണ്ടാക്കാനുമാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
ടാറ്റാ സൺസിൽ ടാറ്റാ ട്രസ്റ്റിന് 66ശതമാനം ഓഹരിയാണുള്ളത്. ടാറ്റാ ട്രസ്റ്റിനുള്ളിലെ പ്രശ്നങ്ങൾ ടാറ്റാ ഗ്രൂപ്പിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കും വിധം വളരുന്നതായി അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് കേന്ദ്രം ഇതിൽ ഇടപെടുന്നത്. എന്നാൽ കമ്പനി ഈ വിഷയത്തിൽ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
ടാറ്റ സൺസിന്റെ ബോർഡിലേക്ക് നോമിനി ഡയറക്ടർമാരെ നിയമിക്കുന്നതും പുറത്താക്കുന്നതുമായി ബന്ധപ്പെട്ടാണ് ട്രസ്റ്റികൾക്കിടയിൽ ഭിന്നത ഉടലെടുത്തത്. ബോർഡ് തീരുമാനങ്ങൾ ട്രസ്റ്റികൾക്കിടയിൽ അറിയിക്കുന്നതിനെ സംബന്ധിച്ചും ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുൻ ഡിഫൻസ് സെക്രട്ടറിയായ വിജയ് സിംഗിന്റെ പുനർനിയമനവുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. ഇതിൽ ഒരു ട്രസ്റ്റിയുടെ നടപടി വലിയ ചോദ്യചിഹ്നമായിരുന്നു.
ട്രസ്റ്റിലെ ഒരു വിഭാഗം അംഗങ്ങൾ നോയൽ ടാറ്റയ്ക്കൊപ്പവും മറുവിഭാഗം മെഹ്ലി മിസ്ത്രിക്കൊപ്പവുമാണെന്നാണ് റിപ്പോർട്ടുകൾ. ടാറ്റാ സൺസിൽ 18.37 ശതമാനം ഓഹരിയുള്ള ഷപൂർജി പല്ലോൻ ജി കുടുംബവുമായി അടുപ്പമുള്ള ആളാണ് മെഹ്ലി മിസ്ത്രി. രത്തൻ ടാറ്റയുടെ വിയോഗത്തിനു ശേഷം 2024 ഒക്ടോബർ 22നാണ് ടാറ്റ ട്രസ്റ്റ്സിന്റെ ചെയർമാനായി നോയൽ ടാറ്റ ചുമതലയേറ്റത്.
വിജയ് സിംഗിന്റെ പുറത്താക്കലിനെയും പകരം വരുന്ന മെഹ്ലി മിസ്ത്രിയുടെ നിയമനത്തെയും നോയൽ ടാറ്റയും വേണു ശ്രീനിവാസനും എതിർത്തിരുന്നതായാണ് റിപ്പോർട്ട്. മിസ്ത്രിയുടെ നിയമനത്തെ മറ്റ് ട്രസ്റ്റികളായ പ്രമിത ജവേരി, ദാരിയസ് കമ്പത, ജെഹാൻഗീർ ജെഹാൻഗീർ എന്നിവർ അനുകൂലിച്ചിരുന്നു.
ഇതിനിടയിൽ വേണു ശ്രീനിവാസനെതിരെയും ചില ട്രസ്റ്റികൾ രംഗത്തുവന്നിരുന്നു. ഒരു ട്രസ്റ്റി അംഗം മറ്റുള്ളവർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ സിംഗിനെ പുറത്താക്കിയതുപോലെ വേണു ശ്രീനിവാസനെയും പുറത്താക്കണമെന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു. ടാറ്റ സൺസിനെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്ന് സംഭവവികാസങ്ങൾ കൃത്യമായി അറിയാവുന്ന ഒരു വ്യക്തിയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
ബോർഡ് അജണ്ടകൾ തീരുമാനിക്കുന്നതിലും മിനുറ്റ്സുകൾ തയ്യാറാക്കുന്നതിലും പങ്കാളിത്തം വേണമെന്നാണ് ചില ട്രസ്റ്റിമാരുടെ ആവശ്യം. പ്രധാനപ്പെട്ട തീരുമാനങ്ങൾക്ക് തങ്ങളുടെ മുൻകൂർ അനുമതി വേണമെന്ന് ആവശ്യപ്പെടുന്ന ഇവർ ഡയറക്ടർമാരുടെ നിയമനത്തെ ചോദ്യചെയ്യുന്നുമുണ്ട് എന്നാണ് റിപ്പോർട്ട്. ഒരു ട്രസ്റ്റി ടാറ്റ സൺസ് ബോർഡ് മെമ്പർമാരോട് മനഃപൂർവം പകപോക്കുന്നതായും പറയപ്പെടുന്നുണ്ട്. മാസങ്ങളായി തുടരുന്ന ഈ ഭിന്നത ട്രസ്റ്റികളുടെ പുനർനിയമനം, നിയമന കാലയളവ് നീട്ടിനൽകൽ എന്നിവയിൽ പ്രതിഫലിക്കുമെന്നാണ് ഉയരുന്ന ആശങ്ക.
Content Highlights: Top TATAGroup officials met Union Minister Amit Shah and Nirmala Sitharaman