കഫ് സിറപ്പ് കഴിച്ചുള്ള മരണം; സംസ്ഥാനങ്ങളിൽ കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡ്രഗ് കണ്ട്രോളര്‍മാര്‍ പരിശോധന ഉറപ്പാക്കണമെന്നും മരുന്നിലെ അസംസ്‌കൃത വസ്തുക്കള്‍ പരിശോധിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കഫ് സിറപ്പ് കഴിച്ച് 20 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കര്‍ശന പരിശോധനയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡ്രഗ് കണ്ട്രോളര്‍മാര്‍ പരിശോധന ഉറപ്പാക്കണമെന്നും മരുന്നിലെ അസംസ്‌കൃത വസ്തുക്കള്‍ പരിശോധിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

കഴിഞ്ഞ ദിവസം തമിഴ്നാട് കാഞ്ചീപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകളുടെ കേരളത്തിലെ വിതരണം നിര്‍ത്തിവെച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സ് മരവിപ്പിക്കാനുള്ള നടപടികള്‍ തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോളര്‍ ആരംഭിച്ച സാഹചര്യത്തിലാണ് കേരളത്തിലും കമ്പനിയുടെ മരുന്നുകളുടെ വിതരണം നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നായിരുന്നു വിശദീകരണം.

ഗുജറാത്തിലെ Rednex Pharmaceuticals Pvt. Ltd. Ahamdabad നിര്‍മ്മിച്ച Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്ന് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഈ മരുന്നിന്റെ വിതരണവും വില്‍പ്പനയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അടിയന്തരമായി നിര്‍ത്തിവെപ്പിച്ചത്. സംസ്ഥാനത്ത് അഞ്ച് വിതരണക്കാരാണ് ഈ മരുന്ന് വിതരണം നടത്തുന്നത്. അവര്‍ക്ക് മരുന്ന് വിതരണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മരുന്ന് വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഈ മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുതെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Content Highlight; Cough syrup deaths; States urged to conduct strict testing

To advertise here,contact us