ന്യൂഡല്ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്ക്കെ ബിഹാറില് സീറ്റ് വിഭജന ചര്ച്ചകള് അവസാനഘട്ടത്തിലേക്ക് കടന്നു. നിലവില് 50 കോണ്ഗ്രസ് സീറ്റുകളില് ധാരണയായി. രണ്ട് സീറ്റുകളില് ആര്ജെഡി നേതാവ് തേജസ്വി യാദവ് മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്. അതേസമയം എന്ഡിഎയില് ചിരാഗ് പസ്വാനും മഹാ ഗഡ്ബന്ധനില് കമ്മ്യൂണിസ്റ്റ് പാര്ട്ടികളും ഇതുവരെ അനുനയത്തിന് വഴങ്ങിയിട്ടില്ല.
2020ല് 70 സീറ്റുകളില് മത്സരിച്ച കോണ്ഗ്രസ് 19 സീറ്റുകളില് മാത്രമായിരുന്നു ജയിച്ചത്. അതുകൊണ്ടുതന്നെ ഇത്തവണ കോണ്ഗ്രസിന് 55 സീറ്റുകളേ നല്കാനാകൂ എന്നായിരുന്നു ആര്ജെഡിയുടെ നിലപാട്. 10 സീറ്റുകള് കൂടി വേണമെന്ന കോണ്ഗ്രസ് ആവശ്യത്തില് ചര്ച്ച തുടരുകയാണ്. സിറ്റിങ് സീറ്റായ രാഘോപൂറിന് പുറമെ ഫുല്പരസ് മണ്ഡലത്തിലും തേജസ്വി യാദവ് മത്സരിക്കുമെന്ന് സൂചനയുണ്ട്. ജെഡിയു സ്വാധീന മേഖലയായ ഫുല്പരസില് മത്സരിക്കുന്നത് ഗുണകരമാകും എന്നാണ് വിലയിരുത്തല്. കൂടുതല് സീറ്റ് വേണമെന്ന കമ്മ്യൂണിസ്റ്റ് പാര്ട്ടികളുടെ ആവശ്യം ആര്ജെഡി അംഗീകരിക്കില്ല.
കൂടുതല് സീറ്റുകളിൽ അവകാശവാദമുന്നയിച്ച് ഇടത് പാര്ട്ടികളും രംഗത്തെത്തിയതോടെ സ്ഥാനാര്ത്ഥി നിര്ണയം കൂടുതല് സങ്കീര്ണമായിരിക്കുകയാണ്. സിപിഐ ജനറല് സെക്രട്ടറി ഡി രാജ തേജസ്വി യാദവുമായി പട്നയില് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താന് സാധിച്ചിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില് ആറ് സീറ്റുകളില് മത്സരിച്ചെങ്കിലും ദയനീയ പ്രകടനം കാഴ്ച വെച്ച സിപിഐക്ക് കൂടുതല് സീറ്റുകള് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ആര്ജെഡി. മുന്നണിക്കകത്തെ സ്ഥാനാര്ത്ഥി നിര്ണയത്തിലെ പ്രശ്നം പരിഹരിക്കുന്നതിനായി വരുംദിവസങ്ങളിലും ചര്ച്ചകള് നടക്കും.
Content Highlight; Bihar elections: Congress completes first phase of candidate discussions