പട്ന: ബിഹാറിലെ അന്തിമ വോട്ടര് പട്ടികയിലും ക്രമക്കേട്. വ്യാപക ക്രമക്കേട് നടന്നെന്ന് മാധ്യമ കൂട്ടായ്മയായ റിപ്പോര്ട്ടേഴ്സ് കളക്ടീവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര് പട്ടികയില് ഒന്നിലധികം വോട്ടുളള 14.36 ലക്ഷം പേരെ കണ്ടെത്തിയെന്നാണ് റിപ്പോട്ടേഴ്സ് കളക്ടീവിന്റെ റിപ്പോര്ട്ട്.
1.32 കോടി പേരുടെ വോട്ടുകള് നിലവില് ഇല്ലാത്ത മേല്വിലാസത്തിലാണ്. പിപ്ര മണ്ഡലത്തില് ഒരു മേല്വിലാസത്തില് വിവിധ ജാതികളില് നിന്നും മതങ്ങളില് നിന്നുമുളള 505 വോട്ടര്മാരാണുളളത് എന്നും റിപ്പോർട്ടേഴ്സ് കളക്ടീവിന്റെ റിപ്പോർട്ടിൽ പറയുന്നു. 243 മണ്ഡലങ്ങളിലും ഡാറ്റാ അനലിസ്റ്റുകളുമായി സഹകരിച്ചാണ് റിപ്പോര്ട്ടേഴ്സ് കളക്ടീവ് അന്തിമ വോട്ടര്പട്ടിക വിശകലനം ചെയ്തത്. വോട്ടര് പട്ടിക ശുദ്ധീകരിച്ചുവെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ പരാമര്ശത്തിന് പിന്നാലെയാണ് അന്തിമ വോട്ടര് പട്ടികയിലും ക്രമക്കേടുണ്ടെന്ന വാര്ത്ത പുറത്തുവരുന്നത്.
സെപ്റ്റംബർ മുപ്പതിനാണ് ബിഹാറിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. തീവ്ര വോട്ടര്പട്ടിക പരിഷ്കരണത്തിനു ശേഷമാണ് വോട്ടര്പട്ടിക പ്രസിദ്ധീകരിച്ചത്. 7.42 കോടി വോട്ടര്മാരുടെ പേരുകളാണ് പട്ടികയിലുളളത്. തീവ്ര വോട്ടര് പട്ടിക പരിഷ്കരണത്തിന് മുന്പ് സംസ്ഥാനത്ത് 7.89 കോടി വോട്ടര്മാരാണ് ഉണ്ടായിരുന്നത്. ഓഗസ്റ്റ് 1 ന് കരട് വോട്ടര് പട്ടിക പുറത്തിറങ്ങിയപ്പോള് 65 ലക്ഷം പേര് പട്ടികയില് നിന്ന് പുറത്തായിരുന്നു. 7.24 കോടി വോട്ടര്മാരാണ് വോട്ടര് പട്ടികയിലുണ്ടായിരുന്നത്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള് 21.53 ലക്ഷം പേരുകള് ചേര്ത്തു. 3.66 ലക്ഷം പേരെ ഒഴിവാക്കുകയും ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ വാര്ത്താക്കുറിപ്പില് പറഞ്ഞത്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് പിന്നാലെ ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്മാരുടെ വിശദാംശങ്ങള് നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. പട്ടികയില് നിന്ന് ഒഴിവാക്കപ്പെട്ടവര്ക്ക് പരാതി നല്കാന് കഴിയില്ലേ എന്നും സുപ്രീംകോടതി ചോദിച്ചു. പുതിയതായി ചേര്ക്കപ്പെട്ടവരില് കൂടുതലും പുതിയ വോട്ടര്മാരാണെന്നും ഒഴിവാക്കപ്പെട്ടവരില് ആരും ഇതുവരെ പരാതിയോ അപ്പീലോ നല്കിയിട്ടില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. കേസ് നാളെ വീണ്ടും പരിഗണിക്കും.
Content Highlights: 14.36 people with multiple votes: Reporters Collective says irregularities in Bihar's final voter list