'ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ഹാജരാക്കണം'; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ഒഴിവാക്കപ്പെട്ടവരില്‍ ആരും ഇതുവരെ പരാതിയോ അപ്പീലോ നല്‍കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബിഹാറിലെ പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയ്ക്ക് (എസ്‌ഐആര്‍) ശേഷം ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെ കുറിച്ചുള്ള വിവരങ്ങള്‍ വ്യാഴാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കരട് വോട്ടര്‍ പട്ടിക എല്ലാവരുടെയും കൈവശമുണ്ടെന്നും അന്തിമ പട്ടിക സെപ്തംബര്‍ 30ന് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാനാകുമെന്നും സുപ്രീംകോടതി പറഞ്ഞു. കൂടാതെ തുടര്‍നടപടികള്‍ സുതാര്യമാക്കണമെന്നും കോടതി വ്യക്തമാക്കി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ കഴിയില്ലേ എന്നും സുപ്രീംകോടതി ചോദിച്ചു. പുതിയതായി ചേര്‍ക്കപ്പെട്ടവരില്‍ കൂടുതലും പുതിയ വോട്ടര്‍മാരാണെന്നും ഒഴിവാക്കപ്പെട്ടവരില്‍ ആരും ഇതുവരെ പരാതിയോ അപ്പീലോ നല്‍കിയിട്ടില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. കേസ് ഒക്ടോബര്‍ 9ന് വീണ്ടും പരിഗണിക്കും.

'തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യത മെച്ചപ്പെട്ടുവെന്ന് നിങ്ങള്‍ സമ്മതിക്കും. നിങ്ങള്‍ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയതായി ഡാറ്റയില്‍നിന്ന് വ്യക്തമാണ്. മരിച്ചവരെയോ താമസം മാറിയവരെയോ ഒഴിവാക്കുന്നതില്‍ കുഴപ്പമില്ല, എന്നാല്‍, ആരെയെങ്കിലും ഒഴിവാക്കുകയാണെങ്കില്‍ റൂള്‍ 21-ഉം എസ്ഒപിയും പാലിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അന്തിമ പട്ടികയില്‍ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത് ജനാധിപത്യ പ്രക്രിയയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു - പുതുതായി ചേര്‍ത്തവര്‍ ആരാണ്, അവര്‍ ഒഴിവാക്കപ്പെട്ടവരാണോ അതോ പുതിയവരാണോ?' ജസ്റ്റിസ് ബാഗ്ചി ചോദിച്ചു. ചേർത്തവരിൽ ഭൂരിഭാഗവും പുതിയ വോട്ടർമാരാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.

സെപ്തംബര്‍ 15ന് നടന്ന വാദത്തില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് എസ്‌ഐആര്‍ നടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടി ക്രമങ്ങള്‍ റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Content Highlight; Supreme Court Orders Election Commission to Reveal Details of Excluded Bihar Voters

To advertise here,contact us