ന്യൂഡല്ഹി: ഹരിയാന അഡീഷണല് ഡറക്ടര് ജനറല് ഓഫ് പൊലീസ് (എഡിജിപി) വൈ പുരന് കുമാറിനെ മരിച്ച നിലയില് കണ്ടെത്തി. ചണ്ഡീഗഡിലെ സെക്ടര് 11-ലെ വസതിയിലെ ബേസ്മെന്റിലാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തില് പുരന് കുമാര് ജീവനൊടുക്കിയതാകാമെന്നാണ് നിഗമനം. സര്വീസ് റിവോള്വര് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണ്. ഫൊറന്സിക് വിദഗ്ധരടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുരന് കുമാറിനെ മരിച്ച നിലയില് കണ്ടെത്തിയത്. പോസ്റ്റ്മോര്ട്ടത്തിന് ശേഷം കൂടുതല് വിവരങ്ങള് പുറത്തുവിടുമെന്ന് ചണ്ഡീഗഡ് സീനിയര് പൊലീസ് സൂപ്രണ്ട് (എസ്എസ്പി) കന്വര്ദീപ് കൗര് സ്ഥിരീകരിച്ചു.
ആന്ധ്രാ പ്രദേശിലെ 2001 ബാച്ചില് നിന്നുള്ള ഓഫീസറാണ് പുരന് കുമാര്. നിയമത്തില് നിന്ന് അണുവിട മാറാതെ നീതിക്കായി പോരാടുന്ന ഓഫീസര് കൂടിയായിരുന്നു പുരാന്. തന്റെ പ്രവര്ത്തന മേഖലയിലെ പ്രശ്നങ്ങളിലെല്ലാം കൃത്യവും വ്യക്തവുമായ ഇടപെടലുകള് നടത്താനും അദ്ദേഹം എപ്പോഴും താല്പര്യം കാണിച്ചിരുന്നതായി സഹപ്രവര്ത്തകര് പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlight; Haryana ADGP Y Puran Kumar Found Dead at His Chandigarh Residence