ചിന്ദ്വാര: മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരണം 15 ആയി. മധ്യപ്രദേശിൽ രണ്ട് കഫ് സിറപ്പുകൾ കൂടി നിരോധിച്ചു. റീലൈഫ്, റെസ്പിഫ്രഷ് എന്നീ കഫ് സിറപ്പുകളാണ് നിരോധിച്ചത്. രണ്ട് സിറപ്പുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ, ഗ്ലൈക്കോൾ എന്നിവ കണ്ടെത്തിയതോടെയാണ് നിരോധനം. ഗുജറാത്തിലാണ് രണ്ട് കഫ് സിറപ്പുകളും നിർമ്മിക്കുന്നത്.
കഫ്സിറപ്പ് കഴിച്ച് കുട്ടികള് മരിച്ചതില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില് പൊതുതാല്പര്യ ഹര്ജി സമര്പ്പിച്ചു. കേസുകള് സിബിഐക്ക് കൈമാറണം, എല്ലാ കഫ് സിറപ്പുകള്ക്കും നിര്ബന്ധിത നിലവാര പരിശോധന നടത്തണം, സംഭവത്തില് വിദഗ്ധ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് പൊതുതാല്പര്യ ഹര്ജി.
കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മധ്യപ്രദേശിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഡോക്ടർ പ്രവീൺ സോണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഫ് സിറപ്പ് മെഡിക്കൽ പ്രിസ്ക്രിപ്ഷനിൽ എഴുതിയത് ഡോക്ടർ പ്രവീൺ സോണിയാണ്. മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും ഈ ഡോക്ടറാണ് കോൾഡ്രിഫ് കഫ് സിറപ്പ് നിർദേശിച്ചത്. കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തമിഴ്നാട്ടില് ഉല്പ്പാദിപ്പിച്ച കഫ്സിറപ്പില് അനുവദനീയമായതിലും അധികം ഡൈ എത്തിലീന് ഗ്ലൈക്കോള് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാല് എസ് ആര് 13 ബാച്ച് മരുന്ന് കേരളത്തില് വില്പ്പന നടത്തിയിട്ടില്ലെന്ന് ഡ്രഗ് കണ്ട്രോള് വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള റിപ്പോര്ട്ടുകള് പരിഗണിച്ച് സുരക്ഷ കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്ക്ക് ഡോക്ടര്മാര് ചുമയ്ക്കുള്ള സിറപ്പ് നിര്ദേശിക്കരുതെന്നും നിര്ദേശമുണ്ട്. ഡ്രഗ് കണ്ട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ്.
മരണങ്ങൾക്ക് പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാന്, തമിഴ്നാട് സര്ക്കാരുകളും കോള്ഡ്രിഫ് മരുന്നിന്റെ വില്പ്പന വിലക്കിയിട്ടുണ്ട്. മധ്യപ്രദേശ് സര്ക്കാര് കോള്ഡ്രിഫ് മരുന്നുകളുടെ വില്പ്പനയ്ക്കൊപ്പം കമ്പനിയുടെ മറ്റ് ഉല്പ്പന്നങ്ങൾക്കും വിലക്കേർപ്പെടുത്തി. മരുന്നില് 48 ശതമാനം വിഷാംശമുള്ള വസ്തുക്കള് പരിശോധനയില് കണ്ടെത്തിയതായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞിരുന്നു. രാജസ്ഥാനില് കോള്ഡ്രിഫ് നിരോധിക്കുന്നതിനൊപ്പം ഡ്രഗ് കണ്ട്രോളര്ക്കെതിരെ നടപടിയെടുത്തിരുന്നു.
കോൾഡ്രിഫ് ഉപയോഗിക്കരുതെന്ന് തെലങ്കാന ഡ്രഗ് കൺട്രോൾ അഡ്മിനിസ്ട്രേഷനും ഉത്തരവിറക്കി. ആശുപത്രികളിൽ നിന്നും മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് മാറ്റാനാണ് നിർദേശം. ആറ് സംസ്ഥാനങ്ങളിൽ നിന്ന് മരുന്നിൻറെ സാമ്പിൾ കേന്ദ്രം നിയോഗിച്ച ഉന്നതല സമിതി ശേഖരിച്ചു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് പരിശോധന. കഫ് സിറപ്പുകളും സമാനമായ മറ്റു മരുന്നുകളും ഉന്നത സംഘം പരിശോധിക്കും.
Content Highlight : Another child dies after drinking cough syrup in Madhya Pradesh; Relief and Respifresh cough syrups banned