'ഇത്തരം നിന്ദ്യമായ പ്രവർത്തനങ്ങൾക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല, ഇത് അപലപനീയം': പ്രധാനമന്ത്രി നരേന്ദ്രമോദി

ഈ സാഹചര്യത്തിലും ശാന്തത കൈവിടാതിരുന്ന ചീഫ് ജസ്റ്റിസ് ഗവായ്‌യെ താന്‍ അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു

ന്യൂഡല്‍ഹി: കോടതി മുറിക്കുളളില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കുനേരെ ഷൂസെറിഞ്ഞ സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി ആര്‍ ഗവായ്‌യുമായി താന്‍ സംസാരിച്ചെന്നും രാജ്യത്ത് ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് സ്ഥാനമില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

'ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ജിയുമായി സംസാരിച്ചു. സുപ്രീംകോടതിയില്‍ വെച്ച് ഇന്ന് രാവിലെ അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം എല്ലാ ഇന്ത്യക്കാരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തില്‍ ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് സ്ഥാനമില്ല. ഇത് തികച്ചും അപലപനീയമാണ്. ഈ സാഹചര്യത്തിലും ശാന്തത കൈവിടാതിരുന്ന ജസ്റ്റിസ് ഗവായ്‌യെ ഞാന്‍ അഭിനന്ദിച്ചു. ഇത് നീതി ബോധ്യവും ഭരണഘടനയെ ശക്തിപ്പെടുത്താനുളള ആര്‍ജവത്തെയുമാണ് സൂചിപ്പിക്കുന്നത്': പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ അന്തസിനും ഭരണഘടനയുടെ ആത്മാവിനും നേരെയുളള ആക്രമണമാണ് എന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്. അത്തരം വിദ്വേഷങ്ങള്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അവ അപലപിക്കപ്പെടേണ്ടതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ചീഫ് ജസ്റ്റിസിനു നേരെയുളള ആക്രമണം നീതിന്യായ വ്യവസ്ഥയുടെയും നിയമവാഴ്ച്ചയുടെയും നേരെയുളള ആക്രമണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പറഞ്ഞു. 

ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ കോടതിയിലായിരുന്നു സംഭവം. ജഡ്ജിമാരുടെ ഡയസിനടുത്തെത്തി അഭിഭാഷകന്‍ രാകേഷ് കിഷോര്‍ ഷൂ ഊരി ചീഫ് ജസ്റ്റിസിനെ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 'സനാതന ധര്‍മ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല' എന്ന് വിളിച്ചുപറഞ്ഞാണ് രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിച്ചത്. ഇയാളെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. രാകേഷ് കിഷോറിന്റെ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പിട്ട ബിസിഐ ചെയര്‍മാന്‍ മനാന്‍ കുമാര്‍ മിശ്ര അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ബാര്‍ അസോസിയേഷനും സുപ്രീം കോടതി അഡ്വക്കേറ്റസ്-ഓണ്‍-റെക്കോര്‍ഡ് അസോസിയേഷനും നടപടിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

Content Highlights: PM Narendra modi about attack on chief justice b r gavai in supreme court

To advertise here,contact us