ഡെറാഡൂണ്: ഇറക്കം കുറഞ്ഞ പാശ്ചാത്യ വസ്ത്രങ്ങള് സംസ്കാരത്തിന് ചേര്ന്നതല്ലെന്ന് വാദിച്ച് ഫാഷന് ഷോ റിഹേഴ്സല് തടസപ്പെടുത്തി ഹിന്ദുത്വ സംഘടന പ്രവര്ത്തകര്. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം. പാശ്ചാത്യ വസ്ത്രം ധരിച്ച യുവതികള് റാംപ് വാക്ക് നടത്തുന്നതിനിടെയാണ് നഗരത്തിന്റെ ആത്മീയ പ്രതിച്ഛായക്ക് വിരുദ്ധമെന്ന് ആരോപിച്ച് ഒരു സംഘം പരിപാടി തടസപ്പെടുത്തിയത്. ദീപാവലിയ്ക്ക് മുന്നോടിയായി ലയണ്സ് ക്ലബ് ഋഷികേശ് റോയല് സംഘടിപ്പിച്ച പരിപാടിയിലാണ് യുവതികള് റാംപ് വാക്കിനായി പരിശീലനം നടത്തിയത്. ഹോട്ടലില് റിഹേഴ്സല് നടക്കുന്നതിനിടെ രാഷ്ട്രീയ ഹിന്ദു ശക്തി സംഗതന് എന്ന സംഘടനയുടെ പ്രസിഡന്റ് രാഘവേന്ദ്ര ഭട്ടാന്ഗറും പ്രവര്ത്തകരും സ്ഥലത്തെത്തി പരിശീലനം തടസപ്പെടുത്തുകയായിരുന്നു.
പാശ്ചാത്യ വസ്ത്രം ധരിച്ചുളള റാംപ് വാക്ക് ഋഷികേശിന്റെ സ്വത്വത്തിനും സനാതന മൂല്യങ്ങള്ക്കും വിരുദ്ധമാണെന്ന് രാഘവേന്ദ്ര ഭട്ടാന്കര് പറഞ്ഞു. 'സനാതന ധര്മം സ്ത്രീകളെ മാന്യമായി വസ്ത്രം ധരിക്കാനാണ് പഠിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങള് സാമൂഹികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്' എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ സംഘടനാ പ്രവര്ത്തകരും മോഡലുകളും തമ്മില് വാക്കുതര്ക്കമുണ്ടാകുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡിലെ സ്ത്രീകള് വീടുവിട്ട് പോകുന്നതിന് കാരണം മോഡലുകളാണെന്നും ഇവര് കാരണം പരിസ്ഥിതി നശിച്ചുവമെന്നുമാണ് ഹിന്ദുത്വവാദികള് ആരോപിക്കുന്നത്.
അതേസമയം, 'മിസ് ഋഷികേശി'നെ തെരഞ്ഞെടുക്കാനായാണ് പരിപാടി നടത്തിയതെന്നും അവസരങ്ങള് തേടാന് യുവതികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്നും ലയണ്സ് ക്ലബ് പ്രസിഡന്റ് പങ്കജ് ചന്ദാനി പറഞ്ഞു. ആരുടെയും മതപരമോ സാംസ്കാരികമോ ആയ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും പങ്കജ് വ്യക്തമാക്കി.
Content Highlights: Hindutva outfit objects fashion show rehearsal in rishikesh quoting its not our culture