വിധിയെഴുതാൻ ബിഹാർ; നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിൽ, വോട്ടെണ്ണൽ നവംബർ 14 ന്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു

പാട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം നവംബര്‍ ആറിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 11നും നടക്കും. വോട്ടെണ്ണൽ നവംബർ 14നും നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് തീയ്യതി പ്രഖ്യാപിച്ചത്. വോട്ടർ പട്ടികയിലെ മാറ്റങ്ങൾക്ക് ഇനിയും അവസരമുണ്ടെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'എസ്ഐആറിലൂടെ വോട്ടർപട്ടിക കുറ്റമറ്റതാക്കി. എസ്‌ഐആറില്‍ ബിഹാര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒരു പാത കാണിച്ചുകൊടുത്തു. തിരുത്തലുകൾക്ക് വാതിലുകൾ ഇപ്പോഴും തുറന്നിട്ടിട്ടുണ്ട്. ബിഹാർ തെരഞ്ഞെടുപ്പിന് സജ്ജമായി', ഗ്യാനേഷ് കുമാർ പറഞ്ഞു. 40 സംവരണ സീറ്റാണ് ബിഹാറിലുള്ളത്. ആകെ 7 കോടി 43 ലക്ഷം വോട്ടർമാരിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളുമാണുള്ളത്.

ആകെ 90,000 പോളിങ്ങ് സ്‌റ്റേഷനുകളാണ് ബിഹാറിലുണ്ടാകുക. ഇതില്‍ 1044 എണ്ണം സ്ത്രീകളുടെ നേതൃത്വത്തിലായിരിക്കും. 250 പോളിങ് സ്‌റ്റേഷനുകളില്‍ പട്രോളിങ്ങിനായി പൊലീസ് കുതിരകളെ ഉപയോഗിക്കും. ഹെല്‍പ് ഡെസ്‌ക്, റാംപ്, വൊളണ്ടിയര്‍മാര്‍ തുടങ്ങിയവ പോളിങ്ങ് സ്‌റ്റേഷനുകളില്‍ ഉണ്ടായിരിക്കും. 85 വയസിന് മുകളിലുള്ളവര്‍ക്ക് വീട്ടില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സംവിധാനവും ഒരുക്കും.

അക്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസേനയെ ഇതിനായി വിന്യസിക്കും. വ്യാജ വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കും. തെറ്റായ സാമൂഹ്യമാധ്യമ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി. പുതിയ വോട്ടര്‍മാര്‍ക്ക് 15 ദിവസത്തികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Election Commission declare Bihar election date

To advertise here,contact us