ലഡാക്ക് സംഘർഷം: ജുഡീഷ്യൽ അന്വേഷണം വേണം, ഗാന്ധിയൻ രീതിയിലുള്ള പോരാട്ടം തുടരണം; സോനം വാങ്ചുക്ക്

സംസ്ഥാന പദവിക്കായി ഉറച്ച് നിൽക്കുന്നുവെന്ന് വാങ് ചുക്ക്

ലഡാക്ക്: സ്വതന്ത്ര പദവി ആവശ്യപ്പെട്ട് സെപ്തംബർ 24ന് ലഡാക്കിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്ചുക്ക്. നാല് പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആറാം ഷെഡ്യൂളിനും സംസ്ഥാന പദവിക്കും വേണ്ടി ഉറച്ച് നിൽക്കുന്നുവെന്നും വാങ് ചുക്ക് ജയിലിൽനിന്ന് ലഡാക്ക് ജനതക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.

ലേ അപ്പക്‌സ് ബോഡി എന്ത് നിലപാട് സ്വീകരിച്ചാലും പൂർണ്ണ പിന്തുണ നൽകും. ഗാന്ധിയൻ രീതിയിലുള്ള പോരാട്ടം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷത്തിന് പിന്നാലെ സോനം വാങ്ചുക്ക് ഉൾപ്പടെ അൻപതിലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു.

അക്രമണങ്ങൾക്ക് വഴിവെച്ചത് സോനം വാങ് ചുക്കിന്റെ പ്രസം​ഗമാണെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു. സോനം വാങ്ചുക്കിന്റെ എന്‍ജിഒ ആയ സ്റ്റുഡന്റ് എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (സെക്‌മോള്‍) വിദേശ സംഭാവന സ്വീകരിക്കാനുളള എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അതിനുപിന്നാലെ സെപ്റ്റംബര്‍ 26-നാണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് നിരാഹാര സമരം നടത്തിവരവെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തിലാണ് ലഡാക്കില്‍ സംഘര്‍ഷമുണ്ടായത്.

സോനം വാങ്ചുക്കിനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ദേശസുരക്ഷാ നിയമപ്രകാരമുളള കുറ്റങ്ങളാണ് ചാങ്ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന് പാക് ബന്ധമുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പാക് ബന്ധം, സാമ്പത്തിക ക്രമക്കേടുകള്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് വാങ്ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

Content Highlights: Sonam Wangchuck demands judicial probe into leh protest

To advertise here,contact us