കരൂര്‍ ദുരന്തം; പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി, ഫൊറന്‍സിക് വിദഗ്ധരും സംഘത്തില്‍

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പ്രത്യേക സംഘം എത്തിയത്

ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം കരൂരിലെത്തി. ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സ്ഥലത്തെത്തിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പ്രത്യേക സംഘം അന്വേഷണത്തിനായി എത്തിയിരിക്കുന്നത്.

തമിഴക വെട്രി കഴകം (ടിവികെ) നാമക്കല്‍ ജില്ലാ സെക്രട്ടറി എന്‍ സതീഷ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയും രൂപീകരിച്ചിട്ടുണ്ട്. ദുരന്തത്തിനിടയാക്കിയ റാലി നടത്തിയതുമായി ബന്ധപ്പെട്ട് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയതായിരുന്നു സതീഷ്. ടിവികെ സംസ്ഥാന സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സിടിആര്‍ നിര്‍മല്‍ എന്നിവരെ പിടിക്കാനും പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.

സെപ്റ്റംബർ 27നാണ് കരൂരില്‍ ടിവികെ നടത്തിയ റാലിയില്‍ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് മരണസംഖ്യ 41 ആയി ഉയരുകയായിരുന്നു.

Content Highlight; Investigation into the Karur stampede underway following Madras High Court order

To advertise here,contact us