'ബിഹാർ വോട്ടർപട്ടികയിൽ നിന്ന് ദളിത്, മുസ്‌ലിം സ്ത്രീകളെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നമിട്ട് ഒഴിവാക്കി': കോൺഗ്രസ്

ഗോപാല്‍ഗഞ്ച്, സരണ്‍, ബെഗുസാരായ്, സമസ്തിപൂര്‍, ഭോജ്പൂര്‍, പൂര്‍ണിയ എന്നീ ജില്ലകളില്‍ നിന്നാണ് ഏറ്റവുമധികം സ്ത്രീകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുളളത്

ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ബിഹാറില്‍ ഏകദേശം 23 ലക്ഷത്തോളം സ്ത്രീകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി കോണ്‍ഗ്രസ്. അവരില്‍ ഭൂരിഭാഗവും 2020-ല്‍ കനത്ത പോരാട്ടം നടന്ന 59 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുളളവരാണെന്നും ദളിത്, മുസ്‌ലീം വനിതാ വോട്ടര്‍മാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യംവെച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്ക ലാംബ ഇക്കാര്യം ആരോപിച്ചത്.

'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആറിന്റെ പേരില്‍ ബിഹാറില്‍ വന്‍ തട്ടിപ്പാണ് നടത്തുന്നത്. ബിഹാറില്‍ ഏകദേശം 3.5 കോടി സ്ത്രീകളുണ്ട്. എന്നാല്‍ ഏകദേശം 23 ലക്ഷം സ്ത്രീകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വോട്ടുചെയ്യാനാകില്ല. ഇത് ഭരണഘടനാ വിരുദ്ധമായ നടപടിയാണ്. ഗോപാല്‍ഗഞ്ച്, സരണ്‍, ബെഗുസാരായ്, സമസ്തിപൂര്‍, ഭോജ്പൂര്‍, പൂര്‍ണിയ എന്നീ ജില്ലകളില്‍ നിന്നാണ് ഏറ്റവുമധികം സ്ത്രീകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുളളത്. ഈ ആറ് ജില്ലകളിലായി 60 നിയമസഭാ സീറ്റുകളാണുളളത്. 2020-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഡാറ്റ പരിശോധിച്ചാല്‍ ഇന്ത്യാ സഖ്യത്തിന് 25 സീറ്റുകളും എന്‍ഡിഎ സഖ്യത്തിന് 34 സീറ്റുകളുമാണ് ലഭിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെച്ചത്. ഇപ്പോള്‍ എസ്ഐആറിന്റെ പേരില്‍ ഈ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വന്‍ തട്ടിപ്പ് നടത്തിയിരിക്കുകയാണ്': അല്‍ക്ക ലാംബ പറഞ്ഞു.

ബിഹാറിലെ ലക്ഷക്കണക്കിന് സ്ത്രീകളുടെ പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്, എങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതേ സ്ത്രീകള്‍ ചെയ്ത വോട്ടുകളും വ്യാജമായിരിക്കില്ലേ? ആ വ്യാജ വോട്ടുകള്‍ ഉപയോഗിച്ച് എംപിമാരായവരല്ലേ സര്‍ക്കാരുണ്ടാക്കിയത് എന്നും അല്‍ക്ക ലാംബ ചോദിച്ചു. 'ഒരുവശത്ത് ബിഹാര്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നു. മറുവശത്ത് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്ന് 23 ലക്ഷം സ്ത്രീകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. മോദി സ്ത്രീകളുടെ വോട്ടവകാശമാണ് പിടിച്ചെടുത്തത്. പക്ഷെ, നരേന്ദ്രമോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും എത്ര ശ്രമിച്ചാലും ബിഹാറില്‍ വോട്ട് മോഷണം നടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല': അല്‍ക്ക ലാംബ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബർ മുപ്പതിനാണ് ബിഹാറിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനു ശേഷമാണ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. 7.42 കോടി വോട്ടര്‍മാരുടെ പേരുകളാണ് പട്ടികയിലുളളത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് മുന്‍പ് സംസ്ഥാനത്ത് 7.89 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഓഗസ്റ്റ് 1 ന് കരട് വോട്ടര്‍ പട്ടിക പുറത്തിറങ്ങിയപ്പോള്‍ 65 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. 7.24 കോടി വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 21.53 ലക്ഷം പേരുകള്‍ ചേര്‍ത്തു. 3.66 ലക്ഷം പേരെ ഒഴിവാക്കുകയും ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

Content Highlights: 'EC deliberately excluded Dalit and Muslim women from Bihar voter list': alleges Congress

To advertise here,contact us