തിരുപ്പൂര്: തമിഴ്നാട്ടിലെ കരൂരില് നടന് വിജയ്യുടെ തമിഴക വെട്രി കഴകം(ടിവികെ) പാര്ട്ടി റാലിക്കിടെയുണ്ടായ ദുരന്തത്തില് മരിച്ച രണ്ടു പേരുടെ കുടുംബങ്ങള്ക്ക് ധനസഹായവുമായി കോണ്ഗ്രസ്. റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച തിരുപ്പൂര് സ്വദേശികളായ ജെ ഗോകുലപ്രിയയുടെയും മണികണ്ഠന്റെയും കുടുംബങ്ങള്ക്കാണ് കോണ്ഗ്രസ് നേതാക്കള് വെള്ളക്കോവിലിലെ വീടുകളിലെത്തി സഹായം നല്കിയത്.
2.5 ലക്ഷം രൂപയുടെ ചെക്കുകള് കോണ്ഗ്രസ് ദേശീയസെക്രട്ടറി ഗോപിനാഥ് പളനിയപ്പന്, കരൂര് എംപി എസ് ജ്യോതിമണി എന്നിവര് ചേര്ന്ന് ഇരുവരുടെയും കുടുംബങ്ങള്ക്ക് കൈമാറി. ദുരന്തത്തില് മരിച്ച മറ്റ് 39 പേരുടെയും കുടുംബങ്ങള്ക്കും അതത് ജില്ലകളിലെ അവരുടെ ബന്ധുക്കള്ക്ക് 2.5 ലക്ഷം രൂപ വീതം ധനസഹായം കോണ്ഗ്രസ് നല്കിയതായി ഗോപിനാഥ് പളനിയപ്പന് പറഞ്ഞു.