ലക്നൗ: പതിനാല് വര്ഷങ്ങള്ക്കുശേഷം പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത് മകന്. പിതാവിന്റെ കൊലപാതകിയെ മകന് വെടിവെച്ച് കൊന്നു. നാല്പ്പത്തിയഞ്ചുകാരനായ ജയ്വീര് ആണ് കൊല്ലപ്പെട്ടത്. ഉത്തര്പ്രദേശിലെ മംഗ്ലോറ ഗ്രാമത്തിലാണ് സംഭവം.
ശനിയാഴ്ച്ച വൈകുന്നേരം വയലില് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയ്വീറിനുനേരെ മുപ്പതുകാരനായ രാഹുല് വെടിവയ്ക്കുകയായിരുന്നു.
രാഹുലിനെതിരെ കേസെടുത്തതായി എഎസ്പി സന്തോഷ് കുമാര് സിംഗ് പറഞ്ഞു. രാഹുല് നിലവില് ഒളിവിലാണ്. കൊല്ലപ്പെട്ട ജയ്വീറിന്റെ ശരീരം പോസ്റ്റ്മോര്ട്ടത്തിനായി അയച്ചു. പ്രദേശത്ത് സുരക്ഷ വര്ധിപ്പിച്ചിട്ടുണ്ടെന്നും കൂടുതല് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും എഎസ്പി അറിയിച്ചു.
വര്ഷങ്ങള് പഴക്കമുളള പകയാണ് ജയ്വീറിന്റെ കൊലപാതകത്തില് കലാശിച്ചത്. രാഹുലിന്റെ പിതാവ് ബ്രിജ്പാലിനെ ജയ് വീറാണ് കൊലപ്പെടുത്തിയത്. 2011-ലായിരുന്നു സംഭവം. കേസില് 11 വര്ഷം ജയ് വീര് ജയില് ശിക്ഷ അനുഭവിച്ചിരുന്നു. ജയില്മോചിതനായ ഇയാള് മൂന്നുവര്ഷമായി മംഗ്ലോറ ഗ്രാമത്തില് താമസിച്ചുവരികയായിരുന്നു. പിതാവ് കൊല്ലപ്പെടുമ്പോള് കൗമാരക്കാരനായിരുന്ന രാഹുല് വര്ഷങ്ങളോളം പകയോടെ കാത്തിരുന്നതാണ് പിതാവിന്റെ ഘാതകനെ കൊലപ്പെടുത്തിയത്.
Content Highlights: 14-year revenge: Son shoots dead father's killer in Uttarpradesh