ദിസ്പുര്: ഗായകന് സുബീന് ഗാര്ഗിന്റെ മരണത്തില് നിര്ണായക മൊഴി. സുബീന് ഗാര്ഗിന് മാനേജര് സിദ്ധാര്ത്ഥ് ശര്മയും ഫെസ്റ്റിവല് ഓര്ഗനൈസര് ശ്യാംകനു മഹന്തയും ചേര്ന്ന് വിഷം നല്കിയെന്ന് ബാന്ഡ്മേറ്റായ ശേഖര് ജ്യോതി ഗോസ്വാമി മൊഴി നല്കി. സുബീന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത നാല് പേരില് ഒരാളാണ് ജ്യോതി ഗോസ്വാമി. കുറ്റം മറച്ചുവെക്കാനാണ് പ്രതികള് മനപ്പൂര്വം വിദേശ സ്ഥലം തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കേസില് സംഗീതജ്ഞന് അമൃത്പറവ മഹന്തയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസില് കൊലക്കുറ്റം ചുമത്തിയിരുന്നു. സിദ്ധാര്ത്ഥ് ശര്മയ്ക്കും ശ്യാംകനു മഹന്തയ്ക്കുമെതിരെയായിരുന്നു കൊലക്കുറ്റം ചുമത്തിയത്. സിംഗപ്പൂരില് നീന്തുന്നതിനിടയിലാണ് സുബീന് മരിച്ചതെന്നാണ് അവസാനത്തെ റിപ്പോര്ട്ടില് സൂചിപ്പിച്ചിരുന്നത്. നേരത്തെ സ്കൂബ ഡൈവിങ്ങിനിടയിലാണ് മരണമെന്നായിരുന്നു റിപ്പോര്ട്ട്. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിന്റെ കൂടുതല് ഫലങ്ങള് പുറത്ത് വന്നപ്പോഴാണ് മരണകാരണം വ്യക്തമായതെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.
സെപ്റ്റംബര് 19നാണ് സുബീന് ഗാര്ഗ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം പൂര്ണമായും ഔദ്യോഗിക ബഹുമതികളോടെയാണ് അസമില് സംസ്കരിച്ചത്. 'ഗ്യാങ്സ്റ്റര്' എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെ ദേശീയ ശ്രദ്ധയാകര്ഷിച്ച ഗായകനാണ് സുബീന് ഗാര്ഗ്. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാല് സുബീന് ഗാര്ഗിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്ക്കാര് ശുപാര്ശ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെസ്റ്റിവല് സംഘാടകര് ഉള്പ്പെടെ ഗാര്ഗിനൊപ്പം സിംഗപ്പൂരില് പോയ എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.Content Highlights: Zubeen Garg s bandmate claims singer s manager and fest organiser poisoned him