പട്ന: എന്എസ്ജി മുന് കമാന്ഡോ മയക്കുമരുന്ന് കേസില് പിടിയില്. സിക്കാര് നിവാസിയായ ബജ്റംഗ് സിംഗ് എന്നയാളാണ് രാജസ്ഥാനില് അറസ്റ്റിലായത്. മുംബൈയിലെ 26/11 ഭീകരവിരുദ്ധ ഓപ്പറേഷനില് ഇയാള് പങ്കെടുത്തിട്ടുണ്ട്. കഞ്ചാവ് കടത്ത് റാക്കറ്റിന്റെ മുഖ്യസൂത്രധാരനാണിയാള്. ബുധനാഴ്ച രാത്രി ചുരുവില് നിന്നാണ് ഇയാള് പിടിയിലായത്. കസ്റ്റഡിയിലെടുക്കുമ്പോള് ബജ്റംഗ് സിംഗിന്റെ കൈവശം 200 കിലോഗ്രാം കഞ്ചാവുണ്ടായിരുന്നു.
തെലങ്കാനയില് നിന്നും ഒഡീഷയില് നിന്നും രാജസ്ഥാനിലേക്ക് കഞ്ചാവ് കടത്തുന്നതില് ഇയാള് മുഖ്യ പങ്കാളിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാനത്തെ ഭീകരവിരുദ്ധ സ്ക്വാഡും മയക്കുമരുന്ന് വിരുദ്ധ ടാസ്ക് ഫോഴ്സും നടത്തിയ തെരച്ചിലിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്ക്ക് പൊലീസ് നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 25000 രൂപയായിരുന്നു പാരിതോഷികം. പഞ്ചാബ്, ആസാം, രാജസ്ഥാന്, ഒഡീഷ, പശ്ചിമബംഗാള് എന്നിവിടങ്ങളില് സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടര്ന്നാണ് എന്എസ്ജിയിലേക്ക് തെരഞ്ഞെടുത്തത്.
Content Highlights: Former NSG commando arrested in drug case