കഫ് സിറപ്പ് കുടിച്ച് രണ്ടാഴ്ച്ചയ്ക്കിടെ മരിച്ചത് 11 കുട്ടികൾ; നൽകിയത് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട മരുന്ന്‌

രാജസ്ഥാനില്‍ കഫ് സിറപ്പ് കുടിച്ച പത്ത് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്

ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ കഫ് സിറപ്പ് കുടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട കുട്ടികളുടെ എണ്ണം ഒന്‍പതായി. രണ്ടാഴ്ച്ചയ്ക്കിടെ ഇത്രയധികം കുട്ടികള്‍ മരുന്ന് കഴിച്ച് മരിച്ചതില്‍ വലിയ ജനരോക്ഷം പുകയുകയാണ്. മധ്യപ്രദേശില്‍ കൂടാതെ രാജസ്ഥാനില്‍ രണ്ട് കുട്ടികളും സമാന കാരണത്താല്‍ മരിച്ചിരുന്നു. രാജസ്ഥാനില്‍ കഫ് സിറപ്പ് കുടിച്ച പത്ത് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. നിലവിൽ രണ്ട് സംസ്ഥാനങ്ങളിലുമായി പതിനൊന്ന് കുഞ്ഞുങ്ങളാണ് ചുമ മരുന്ന് കഴിച്ച് മരിച്ചത്.

രാജസ്ഥാനില്‍ കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കെയ്മ ഫാര്‍മ എന്ന കമ്പനിയുടെ മരുന്നാണ് കുട്ടികള്‍ കഴിച്ചത് എന്ന് കണ്ടെത്തിയിരുന്നു. ഗുണനിലവാരമില്ലാത്തതിനാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന കെയ്മ ഫാര്‍മ നിരവധി തവണ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചിന്ദ്വാര ജില്ലയില്‍ ഇന്ന് മരിച്ച മൂന്ന് കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്ത് വരേണ്ടതുണ്ട്. കൂടാതെ വിശദമായ പരിശോധന നടത്തുന്നത് മരുന്നുകളുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കഫ് സിറപ്പ് ഉപയോഗിച്ച കുട്ടികളുടെ വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകള്‍ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. സാഹചര്യം കൂടുതല്‍ വഷളാവാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി പര്യേഷ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ശുഭം യാദവ് അറിയിച്ചു.

രാജസ്ഥാനില്‍ കുട്ടികള്‍ക്ക് പുറമെ മരുന്ന് സുരക്ഷിതമാണെന്ന് കാണിക്കുന്നതിനായി ഒരു ഡോസ് കഴിച്ച ഡോക്ടറും അബോധാവസ്ഥയിലായിരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച്ചയായിരുന്നു നിതീഷ് എന്ന കുട്ടി മരിച്ചത്. ഡെക്സ്ട്രോമെതോര്‍ഫന്‍ ഹൈഡ്രോബ്രൊമൈഡ് എന്ന സംയുക്തം അടങ്ങിയ മരുന്നായിരുന്നു കുഞ്ഞിന് നല്‍കിയത്. മരുന്ന് കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം തന്നെ കുട്ടി മരിക്കുകയായിരുന്നു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതായി മാതാപിതാക്കള്‍ അറിയിച്ചു. നിതീഷിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ തങ്ങളുടെ കുഞ്ഞ് മരിച്ചതും സമാന കാരണത്താലാണെന്ന് വ്യക്തമാക്കി സാമ്രാട്ട് എന്ന രണ്ട് വയസുകാരന്‍റെ ബന്ധുക്കളും രംഗത്തെത്തുകയായിരുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുന്നെയായിരുന്നു സാമ്രാട്ട് മരണപ്പെട്ടത്.

ചുമ മരുന്ന് കഴിച്ച് ശാരീരിക പ്രശ്നങ്ങളുണ്ടായി എന്ന വാര്‍ത്ത പുറത്തു വന്നതോടെ ഗ്രാമം മുഴുവന്‍ ആശങ്കയിലായിരിക്കുകയാണ്. മരുന്ന് കഴിച്ച് തങ്ങളുടെ മക്കള്‍ക്കും പ്രശ്നമുണ്ടായി എന്ന് വ്യക്തമാക്കി മറ്റ് ചില രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ മരുന്നിന് പ്രശ്നമില്ലെന്നായിരുന്നു ഡോ.താരാചന്ദിന്റെ വാദം. ഇത് തെളിയിക്കുന്നതിനായി ഡോക്ടര്‍ മരുന്ന് കഴിച്ച് കാണിക്കുകയും ചെയ്തു. ഇതിന് ശേഷം കാറോടിച്ച് പോകുന്നതിനിടെ ഡോക്ടര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനാലും ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാലും അന്വേഷണം ആരംഭിച്ചു. മണിക്കൂറുകളുടെ അന്വേഷണത്തിന് ശേഷമാണ് ഡോക്ടറെ കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

മരുന്ന് കഴിച്ച ശേഷം പ്രശ്നങ്ങളുണ്ടായതോടെ ചുമ മരുന്നിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു രാജസ്ഥാനിലുണ്ടായത്, പിന്നാലെ രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രസ്തുത കമ്പനിയുടെ 22 ബാച്ചുകള്‍ വിലക്കുകയും മരുന്നിന്റെ വിതരണം മരവിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിക്കാനൊരുങ്ങുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സാമ്പിളുകള്‍ ശേഖരിച്ചു. മരുന്നുകളുടെ ഗുണനിലവാര പരിശോധയ്ക്ക് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനും ഒരുങ്ങുകയാണ്.

Content Highlight; Contaminated cough syrup linked to kidney failure; child death toll rises to 9 in Madhya Pradesh.

To advertise here,contact us