ദിസ്പുര്: ഗായകന് സുബീന് ഗാര്ഗിന്റെ മരണത്തില് മാനേജര് സിദ്ധാര്ത്ഥ് ശര്മയ്ക്കും നോര്ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല് ഓര്ഗനൈസര് ശ്യാംകനു മഹന്തയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തി അസം പൊലീസ്. ചൊവ്വാഴ്ച രാത്രിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇരുവരെയും മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി 14 ദിവസത്തെ കസ്റ്റഡിയില് വാങ്ങിയിരുന്നു.
'ബിഎന്എസിലെ 103ാം വകുപ്പ് എഫ്ഐആറില് ഞങ്ങള് ചേര്ത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല് വിവരങ്ങള് പങ്കുവെക്കാന് സാധിക്കില്ല', പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന് സ്പെഷ്യല് ഡിജിപി മുന്ന പ്രസാദ് ഗുപ്ത പറഞ്ഞു. അതേസമയം പ്രസാദ് ഗുപ്തയുടെ മരണത്തില് ദുരൂഹത നീങ്ങുന്നില്ല.
സിംഗപ്പൂരില് നീന്തുന്നതിനിടയിലാണ് സുബീന് മരിച്ചതെന്നാണ് റിപ്പോര്ട്ടുകള് ഇപ്പോള് സൂചിപ്പിക്കുന്നത്. നേരത്തെ സ്കൂബ ഡൈവിങ്ങിനിടയിലാണ് മരണമെന്നായിരുന്നു റിപ്പോര്ട്ട്. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിന്റെ കൂടുതല് ഫലങ്ങള് പുറത്ത് വന്നപ്പോഴാണ് മരണകാരണം വ്യക്തമായതെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. സിംഗപ്പൂരില് ആദ്യ പോസ്റ്റ്മോര്ട്ടം നടത്തിയതിന് ശേഷം മൃതദേഹം അസമില് എത്തിച്ച് രണ്ടാമത്തെ പോസ്റ്റ്മോര്ട്ടം കൂടി നടത്തിയിരുന്നു.
സെപ്തംബര് 19നാണ് സുബീന് ഗാര്ഗ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം പൂര്ണമായും ഔദ്യോഗിക ബഹുമതികളോടെയാണ് അസമില് സംസ്കരിച്ചത്. 'ഗ്യാങ്സ്റ്റര്' എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെ ദേശീയ ശ്രദ്ധയാകര്ഷിച്ച ഗായകനാണ് സുബീന് ഗാര്ഗ്. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാല് സുബീന് ഗാര്ഗിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്ക്കാര് ശുപാര്ശ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെസ്റ്റിവല് സംഘാടകര് ഉള്പ്പെടെ ഗാര്ഗിനൊപ്പം സിംഗപ്പൂരില് പോയ എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlights: Zubeen Garg death murder charges against manager and festival organizer