ഭോപ്പാല്: മധ്യപ്രദേശില് ദുര്ഗ വിഗ്രഹ നിമജ്ജത്തിനിടെയുണ്ടായ രണ്ട് അപകടങ്ങളില് 13 പേര്ക്ക് ദാരുണാന്ത്യം. മരിച്ചവരില് 10 പേരും കുട്ടികളാണ്. നിമജ്ജനത്തിന് വേണ്ടി പുറപ്പെട്ട ഖന്ദ്വ ജില്ലയിലെ അര്ദ്ല, ജമ്ലി എന്നിവിടങ്ങളില് നിന്നുള്ള 25 ഓളം പ്രദേശവാസികള് സഞ്ചരിച്ച ട്രാക്ടര് കായലില് മറിഞ്ഞാണ് ഒരു അപകടമുണ്ടായത്.
എട്ട് പെണ്കുട്ടികള് ഉള്പ്പെടെ 11 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. നിരവധിപ്പേരെ കാണാതായി. കാണാതായവര്ക്കുള്ള തിരച്ചില് നടക്കുകയാണ്. സംഭവം അതീവ ദുഖകരമാണെന്ന് മുഖ്യമന്ത്രി മോഹന് യാദവ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് 4 ലക്ഷം രൂപ വീതം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്ക്ക് അടുത്ത ആശുപത്രികളിലായി ഉടന് ചികിത്സ നല്കണമെന്നും മോഹന് യാദവ് നിര്ദേശിച്ചു.
ഉജ്ജൈയിനിന് അടുത്തുള്ള ഇന്ഗോറിയ പ്രദേശത്ത് ഭക്തരുമായി പോയിരുന്ന വാഹനം അപകടത്തില്പ്പെട്ട് രണ്ട് കുട്ടികള് മരിച്ചു. 12വയസുകാരന് തുടരെ തുടരെ ഇഗ്നിഷ്യന് ഓണ് ചെയ്തതോടെ വാഹനം മുന്നോട്ട് കുതിക്കുകയും ചമ്പാല് നദിയില് വീഴുകയായിരുന്നു. നദിയില് 12 കുട്ടികള് വീണെന്നും പ്രദേശവാസികള്ക്ക് 11 പേരെ മാത്രമേ പുറത്തെടുക്കാന് സാധിച്ചുള്ളുവെന്നും അധികൃതര് പറഞ്ഞു. ഒരു കുട്ടിക്കായുള്ള തിരച്ചില് പുരോഗമിക്കുകയാണ്. പുറത്തെത്തിച്ചതില് രണ്ട് കുട്ടികള് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Content Highlights: Two accidents during Durga idol immersion in Madhya Pradesh 13 died