ന്യൂഡൽഹി: ആർഎസ്എസിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. ചരിത്രം എത്ര വളച്ചൊടിക്കാൻ ബിജെപി ശ്രമിച്ചാലും രാജ്യം എപ്പോഴും മഹാത്മാ ഗാന്ധിയുടേതായിരിക്കുമെന്നും ആ യാഥാർത്ഥ്യത്തെ മാറ്റാനാവില്ലെന്നും പവൻ ഖേര എക്സിൽ പ്രതികരിച്ചു.
ആർഎസ്എസ് ഇപ്പോൾ പുറത്തിറക്കിയ നാണയത്തിന് പകരമായി വി ഡി സവർക്കർ ബ്രിട്ടീഷുകാരിൽനിന്നും പെൻഷനായി കൈപ്പറ്റിയിരുന്ന 60 രൂപയുടെ നാണയമാണ് പുറത്തിറക്കേണ്ടിയിരുന്നതെന്ന് പവൻ ഖേര ആഞ്ഞടിച്ചു. ആർഎസ്എസിനായി അവർക്ക് ഒരു നാണയം പുറത്തിറക്കണമായിരുന്നെങ്കിൽ അത് സവർക്കർക്ക് ബ്രിട്ടീഷ് സർക്കാരിൽ നിന്ന് പെൻഷനായി ലഭിച്ചിരുന്ന 60 രൂപയുടെ നാണയം ആകണമായിരുന്നു. അവർക്ക് ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കണമെന്നുണ്ടായിരുന്നെങ്കിൽ ബ്രിട്ടീഷ് പോസ്റ്റിനു വേണ്ടി ചെയ്യാമായിരുന്നു, അതുവഴിയാണ് അവർ മാപ്പ് അപേക്ഷകൾ അയച്ചിരുന്നത്. എത്ര സ്റ്റാമ്പുകൾ അച്ചടിച്ചാലും എത്ര നാണയങ്ങൾ പുറത്തിറക്കിയാലും ആർഎസ്എസിനെ പാഠ്യപദ്ധതിയിൽ തിരുകികയറ്റിയാലും ഈ രാജ്യം ഗാന്ധിയുടേതാണ്. ഗാന്ധിയുടേതായിതന്നെ തുടരുകയും ചെയ്യുമെന്നാണ് പവൻ ഖേരയുടെ പ്രതികരണം.
അധികാരത്തിൽനിന്നും പുറത്താക്കപ്പെടുന്ന നിമിഷം ആർഎസ്എസ്- ബിജെപി പ്രത്യയശാസ്ത്രത്തെ 'പാലിൽ വീണ ഈച്ചയെ' പോലെ എടുത്തുകളയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ ആർഎസ്എസ് നടപടിയെ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയും വിമർശിച്ചിരുന്നു. നാണയം ഇറക്കിയതുകൊണ്ടോ പ്രശംസിച്ചതുകൊണ്ടോ ആർഎസ്എസ് മഹത്തായ സംഘടനയാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആർഎസ്എസ് എന്താണെന്ന് എല്ലാവർക്കും അറിയാം. ജനങ്ങളെ ഭിന്നിപ്പിക്കാനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ്. അധികാരത്തിൽ നിന്നും പുറത്തുപോകുന്നതിന് മുമ്പ് ആർഎസ്എസ് അജണ്ടകൾ നടപ്പാക്കാനുള്ള തിടുക്കത്തിലാണ് നരേന്ദ്രമോദി. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ഇടതുപക്ഷം ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും ഡി രാജ പറഞ്ഞിരുന്നു.
നടപടിയെ സിപിഐഎം പോളിറ്റ് ബ്യൂറോയും വിമർശിച്ചിരുന്നു. ആർഎസ്എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഭരണഘടനയോടുള്ള അവഹേളനമാണിതെന്നാണ് പിബി കുറ്റപ്പെടുത്തിയത്. ഭരണഘടനയെ അപമാനിക്കരുത്. നാണയത്തിൽ ഒരു ഹിന്ദു ദേവതയുടെ ചിത്രം പകർത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രി ഭരണഘടനാ പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടിയിരിക്കുന്നുവെന്നും പിബി വിമർശിച്ചിരുന്നു.
ഡൽഹിയിൽ സംഘടിപ്പിച്ച ആർഎസ്എസ് വാർഷിക വേളയിലാണ് കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രമുള്ള നൂറ് രൂപ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. ഇതിന് പുറമെ പ്രത്യേക സ്റ്റാമ്പും പുറത്തിറക്കിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് 'ഭാരത് മാത'യുടെ ചിത്രം ഇന്ത്യൻ നാണയത്തിൽ ഉണ്ടാകുന്നതെന്ന് ഇത് പുറത്തിറക്കിക്കൊണ്ട് മോദി പറഞ്ഞിരുന്നു.
Content Highlights: Government should have issued rs 60 coin , same amount Savarkar got from Britishers says Pawan Khera