രാവണനായി ഉമർ ഖാലിദും ഷർജീൽ ഇമാമും ഇടത് നേതാക്കളും; ജെഎൻയുവിൽ എബിവിപി- ഇടത് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ സംഘർഷം

നിരവധി വിദ്യാർത്ഥിനികൾക്ക് മർദനമേറ്റതായി സൂചന

ന്യൂഡൽഹി: ദുർഗ പൂജ ചടങ്ങ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎന്‍യു) യിൽ സംഘർഷം. എബിവിപി പ്രവർത്തകരും ഇടത് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും തമ്മിൽ ഏറ്റുമുട്ടി. രാത്രി ഏഴ് മണിയോടെ സർവകലാശാലയിലെ സബർമതി ടി പോയിന്റ് മേഖലയിലായിരുന്നു സംഘർഷം. നിരവധി വിദ്യാർത്ഥിനികൾക്ക് മർദനമേറ്റതായാണ് വിവരം.

ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നിവരുടെ ചിത്രം പതിച്ച് എബിവിപി രാവണ രൂപം തീർക്കുകയും ഇത് ബരാക് ഹോസ്റ്റൽ പരിസരത്തുവെച്ച് കത്തിക്കുകയും ചെയ്തിരുന്നു. ഇതാണ് സംഘർഷത്തിന് തുടക്കമിട്ടത്. എബിവിപിയുടെ ഈ നീക്കത്തിനെതിരെ എസ്എഫ്‌ഐ, എഐഎസ്എ, ഡിഎസ്എഫ് തുടങ്ങിയ ഇടത് വിദ്യാർത്ഥി സംഘടനകൾ രംഗത്ത് വന്നു. പിന്നാലെ എബിവിപി ദുർഗാ പൂജ നടത്താനിരുന്ന സബർമതി ടി പോയിന്റിലേക്ക് ഇവർ പ്രതിഷേധവുമായി എത്തി. ഇതോടെ പ്രദേശത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു.

തങ്ങളുടെ പ്രവർത്തകർക്ക് മർദനമേറ്റതായി എബിവിപി ആരോപിച്ചു. ഈ വർഷം നക്‌സലിസം, ഇടതുപക്ഷം, മാവോയിസ്റ്റ് അക്രമം, ദേശവിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ എന്നിവയുടെ പ്രതീകമായാണ് രാവണന്റെ പ്രതിമ കത്തിച്ചതെന്നാണ് എബിവിപിയുടെ വാദം. ഇതിന്റെ ഭാഗമായാണ് ഉമർ ഖാലിദ്, ഷർജീൽ ഇമാം, അഫ്‌സൽ ഗുരു, ചാരു മജുംദാർ, കനു സന്യാൽ തുടങ്ങിയവരെ രാവണന്റെ തലകളായി ചിത്രീകരിച്ചതെന്നും എബിവിപി വ്യക്തമാക്കി.

അതേസമയം സർവകലാശാലയിലെ മുൻ വിദ്യാർത്ഥികളായ ഉമർ ഖാലിദിനേയും ഷർജീൽ ഇമാമിനേയും രാവണനായി ചിത്രീകരിച്ച എബിവിപി നീക്കത്തെ സ്റ്റുഡൻസ് യൂണിയൻ ചോദ്യം ചെയ്തു. മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് എന്തിനാണെന്നും രാജ്യത്തെ കുറിച്ച് ആധിയുണ്ടായിരുന്നെങ്കിൽ എബിവിപി രാവണന്റെ തലയായി പതിക്കേണ്ടത് ഗോഡ്‌സേയുടെ ചിത്രമായിരുന്നുവെന്നും സ്റ്റുഡൻസ് യൂണിയൻ വ്യക്തമാക്കി.

Content Highlights: clashes during Durga idol immersion at JNU

To advertise here,contact us