ചെന്നൈ: കരൂര് ദുരന്തത്തില് പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 104 പേര് ആശുപത്രി വിട്ടു. ആറ് പേര് ഇപ്പോഴും ചികിത്സയില് തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം കരൂര് ദുരന്തത്തില് സര്ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല് സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമി രംഗത്തെത്തി. ആള്ക്കൂട്ട ദുരന്തത്തില് നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില് നിന്ന് ഡിഎംകെ പരാജയപ്പെട്ടെന്ന് എടപ്പാടി കെ പളനിസ്വാമി കുറ്റപ്പെടുത്തി. ഇത്രയും വലിയ പരാജയം സര്ക്കാര് മറച്ച് വെക്കാന് ശ്രമിക്കുന്നുവെന്നും കുറ്റം മറ്റുള്ളവരിലേക്ക് കെട്ടിവെക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
'ജസ്റ്റിസ് അരുണ ജഗദീഷന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആരംഭിച്ചിരിക്കെ സംഭവത്തെക്കുറിച്ച് വാര്ത്താ സമ്മേളനം നടത്താന് സര്ക്കാര് വക്താവിന് എന്തിന്റെ ആവശ്യമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മന്ത്രിമാരും ഉണ്ടായിരിക്കെ സര്ക്കാര് ഉദ്യോഗസ്ഥ എന്തിനാണ് മാധ്യമങ്ങളെ കണ്ടത്', അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടുമായ വിജയ്യുടെ പ്രതികരണ വീഡിയോക്ക് പിന്നാലെ സര്ക്കാര് തെളിവുകള് നിരത്തി വാര്ത്താ സമ്മേളനം നടത്തിയിരുന്നു. സര്ക്കാരിന്റെ ഔദ്യോഗിക വക്താവ് മുതിര്ന്ന ഐഎഎസ് ഉദ്യോഗസ്ഥ പി അമുദയാണ് വാര്ത്താ സമ്മേളനത്തില് വിവരങ്ങള് പങ്കുവെച്ചത്. സമ്മേളനത്തില് ആരോഗ്യവകുപ്പ് സെക്രട്ടറി പി സെന്തില്കുമാര്, എഡിജിപി എസ് ഡാവിഡ്സണ് ദേവസിര്വതം എന്നിവരും സംസാരിച്ചിരുന്നു.
എല്ലാ ചോദ്യങ്ങള്ക്കും ഉത്തരമുണ്ടെന്നും സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണം ഒഴിവാക്കാന് വേണ്ടിയാണ് വാര്ത്താസമ്മേളനമെന്നുമായിരുന്നു അമുദ ഐഎഎസ് വ്യക്തമാക്കിയത്. വിജയ് കരൂരില് 12 മണിക്ക് എത്തുമെന്ന ടിവികെയുടെ പ്രചാരണത്തിന്റെ ദൃശ്യവും ടിവികെ പ്രവര്ത്തകര് കടകള്ക്ക് മുകളിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും വാര്ത്താസമ്മേളനത്തില് പുറത്തുവിട്ടു. കുഴഞ്ഞുവീണ ആളുകളെ പൊലീസ് പരിചരിക്കുന്നതിന്റെയും തിരക്കിലും പെട്ട് വീണ ആളുകള്ക്ക് മുകളിലേക്ക് വീണ്ടും ആളുകള് വീഴുന്ന ദൃശ്യങ്ങളും പുറത്തു വിട്ടു.
ടിവികെ നേതാക്കളുടെ അറസ്റ്റുകളെ വിമര്ശിച്ചുള്ള വിജയ്യുടെ പ്രതികരണത്തിനും അവര് മറുപടി നല്കി. തുടര്നടപടികള് ഇനിയും ഉണ്ടാകുമെന്ന് അവര് വ്യക്തമാക്കി. വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന ആരോപണവും സര്ക്കാര് തള്ളി. വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്നും പ്രവര്ത്തകര് ജനറേറ്റര് വെച്ച ഭാഗത്തേക്ക് ഇടിച്ചു കയറിയെന്നും വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി.
തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്നേഹം കൊണ്ടാണ് ജനങ്ങള് റാലിക്കെത്തിയതെന്നും പുറത്തുവിട്ട വീഡിയോയിലൂടെ വിജയ് പറഞ്ഞിരുന്നു. ദുരന്തത്തില് രാഷ്ട്രീയം കലര്ത്താനില്ലെന്നും സത്യം പുറത്തുവരുമെന്നും വികാരാധീനനായി വിജയ് പറഞ്ഞു. 'അഞ്ച് ജില്ലകളില് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില് മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു? പൊതുജനങ്ങള്ക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങള് എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാര്ട്ടി പ്രവര്ത്തകര്ക്കും സമൂഹമാധ്യമങ്ങളില് സംസാരിച്ചവര്ക്കുമെതിരെ കേസെടുത്തു കൊണ്ടിരിക്കുന്നു. എന്നെ എന്ത് വേണമെങ്കിലും ചെയ്തോളൂ. എന്റെ പ്രവര്ത്തകരെയും നേതാക്കളെയും ഒന്നും ചെയ്യരുത്', എന്നായിരുന്നു വിജയ്യുടെ പ്രതികരണം.
ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ 41 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര് വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള് കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്പസമയം കഴിഞ്ഞപ്പോള് തന്നെ ആളുകള് തളര്ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്ത്തകരും അടക്കമുള്ളവര് ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്, പതിനാറ് സ്ത്രീകള്, പന്ത്രണ്ട് പുരുഷന്മാര് എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.
Content Highlights: Vijay Karur rally Stampede 104 injured people discharged from hospital