ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില് പൊലീസിന്റെ ക്രൂരത. മൂത്ത സഹോദരിക്ക് മുന്നില് വെച്ച് അനുജത്തിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തില് തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദര് എന്നീ കോണ്സ്റ്റബിള്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയെയാണ് മൂത്ത സഹോദരിയുടെ മുന്നില് വെച്ച് ഇരുവരും ബലാത്സംഗ ചെയ്തത്. തിങ്കളാഴ്ച രാത്രി തിരുവണ്ണാമലൈയിലാണ് സംഭവം.
തങ്ങളുടെ കൃഷിയിടത്തിലുണ്ടായ പഴം വില്ക്കാനായി തിരുവണ്ണാമലൈയിലേക്ക് വാനില് പോകുകയായിരുന്നു സഹോദരികള്. തിങ്കളാഴ്ച അര്ദ്ധരാത്രിയോടെ എന്താള് ബൈപ്പാസിലെത്തിയപ്പോള് വാഹന പരിശോധനയ്ക്കായി പൊലീസ് കോണ്സ്റ്റബിള്മാര് വാന് തടഞ്ഞു. ഡ്രൈവറെ ചോദ്യം ചെയ്ത കോണ്സ്റ്റബിള്മാര് സഹോദരിമാരോട് വാനില് നിന്നിറങ്ങാന് വേണ്ടി ആവശ്യപ്പെട്ടു.
തുടര്ന്ന് ഇരുവരും സഹോദരികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോകുകയും മൂത്ത സഹോദരിക്ക് മുന്നില് വെച്ച് ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇന്നലെ പുലര്ച്ചെ നാല് മണിയോടെ സഹോദരികളെ റോഡിനരികില് ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. റോഡരികില് രണ്ട് സ്ത്രീകളെ കണ്ട അടുത്തുള്ള ഇഷ്ടിക ചൂള യൂണിറ്റിലെ തൊഴിലാളികള് ആംബുലന്സ് വിളിച്ച് വരുത്തുകയായിരുന്നു.
ഇരുവരെയും തിരുവണ്ണാമലൈ സര്ക്കാര് ജനറല് ആശുപത്രിയില് പ്രവേശിപ്പിക്കുകയും പരിശോധനയില് ഒരാള് ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമാകുകയുമായിരുന്നു. പിന്നാലെ ഡോക്ടര് പൊലീസിനെ അറിയിച്ചു. തിരുവണ്ണാമലൈ വനിതാ പൊലീസ് സ്റ്റേഷനില് നിന്നും പൊലീസുദ്യോഗസ്ഥര് ആശുപത്രിയിലെത്തുകയും അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില് ഇരു കോണ്സ്റ്റബിള്മാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് കൂടുതല് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Two police constables arrested in TN for rape 19 year old in front of sister