'ഡിഎംകെ സർക്കാരിനെ താഴെയിറക്കും, യുവജന വിപ്ലവത്തിന് സമയമായി'; വിവാദ പോസ്റ്റുമായി ടിവികെ നേതാവ് ആധവ് അർജുന

പൊലീസ് ടിവികെ പ്രവർത്തകനെ തല്ലുന്ന ദൃശ്യങ്ങൾക്കൊപ്പമാണ് ആധവിന്‍റെ പ്രതികരണം

ചെന്നൈ: കരൂരിലെ ടിവികെ റാലിയിലുണ്ടായ ദുരന്തത്തിന് പിന്നാലെ വിവാദ പോസ്റ്റുമായി പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുന. യുവാക്കൾ ഡിഎംകെ സർക്കാരിനെ താഴെയിറക്കുമെന്നും യുവജന വിപ്ലവത്തിന് സമയമായെന്നുമാണ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. പൊലീസ് ടിവികെ പ്രവർത്തകനെ തല്ലുന്ന ദൃശ്യങ്ങൾക്കൊപ്പമാണ് ആധവിന്റെ പോസ്റ്റ്. ഭരിക്കുന്ന പാർട്ടിക്കൊപ്പം മാത്രമാണ് പൊലീസ് നിൽക്കുന്നത്. നേപ്പാളിലെയും ശ്രീലങ്കയിലെയും പോലെ യുവാക്കൾ തെരുവിലിറങ്ങണമെന്നും ആധവ് പറയുന്നുണ്ട്.

ആധവിന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനമാണ് ഇതിനോടകം ഉയര്‍ന്നിട്ടുള്ളത്. ആധവ് കലാപാഹ്വാനമാണ് നടത്തുന്നതെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. വിവാദത്തിന് പിന്നാലെ ആധവ് പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ജനറല്‍ സെക്രട്ടറിയായ ആധവ് അര്‍ജുനയ്ക്കാണ്.

ദുരന്തം സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഫലമെന്നാരോപിച്ച് ആധവ് മദ്രാസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കരൂരില്‍ സംഭവിച്ചതിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷണം വേണമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

അതേസമയം കരൂർ ദുരന്തത്തിൽ പ്രാദേശിക നേതാവ് കരൂര്‍ സ്വദേശി പൗന്‍ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിപാടിക്ക് അനുമതി തേടി നല്‍കിയ അപേക്ഷയില്‍ ഒപ്പിട്ട ഒരാള്‍ ആണ് പൗന്‍രാജ്. കഴിഞ്ഞ ദിവസം ഒളിവില്‍ പോയിരുന്ന ടിവികെ നേതാവ് മതിയഴകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ കരൂരിൽ വിജയ്‌ക്കെതിരെ ഉയർന്ന പോസ്റ്ററുകള്‍ നശിപ്പിച്ച നിലയിൽ കണ്ടെത്തി. വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കരൂരില്‍ സ്ഥാപിച്ച പോസ്റ്ററുകളാണ് വ്യാപകമായി നശിപ്പിച്ചത്.

ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. നിലവില്‍ ഏഴ് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്‌ഐആഫില്‍ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂര്‍വം വൈകിച്ചെന്നും നിബന്ധനകള്‍ പാലിക്കാതെ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും എഫ്‌ഐആറിലുണ്ട്. ഇത്രയേറെ ആളുകള്‍ തടിച്ചുകൂടിയിട്ടും റാലിയില്‍ ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസുകാര്‍ ഉണ്ടായില്ലെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlights: youth will bring down DMK Aadhav Arjuna TVK leader post creates controversy

To advertise here,contact us