ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്യുടെ പ്രതികരണം വന്നതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ച് തമിഴ്നാട് സർക്കാർ. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്നും സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണം ഒഴിവാക്കാൻ വേണ്ടിയാണ് വാർത്താസമ്മേളനമെന്നും സർക്കാർ വക്താവ് അമുദ ഐഎഎസ് വ്യക്തമാക്കി. വിജയ് കരൂരിൽ 12 മണിക്ക് എത്തുമെന്ന ടിവികെയുടെ പ്രചാരണത്തിന്റെ ദൃശ്യവും ടിവികെ പ്രവർത്തകർ കടകൾക്ക് മുകളിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും സർക്കാർ പുറത്തുവിട്ടു. കുഴഞ്ഞുവീണ ആളുകളെ പൊലീസ് പരിചരിക്കുന്നതിന്റെയും തിരക്കിലും പെട്ട് വീണ ആളുകൾക്ക് മുകളിലേക്ക് വീണ്ടും ആളുകൾ വീഴുന്ന ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ടിവികെ നേതാക്കളുടെ അറസ്റ്റുകളെ വിമർശിച്ചുള്ള വിജയ്യുടെ പ്രതികരണത്തിനും അവർ മറുപടി നൽകി.
തുടർനടപടികൾ ഇനിയും ഉണ്ടാകുമെന്ന് അവർ വ്യക്തമാക്കി. വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന ആരോപണവും സർക്കാർ തള്ളി. വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്നും പ്രവർത്തകർ ജനറേറ്റർ വെച്ച ഭാഗത്തേക്ക് ഇടിച്ചു കയറിയെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജനറേറ്റർ തകരാറായതു കൊണ്ട് ചില ലൈറ്റുകൾ അണഞ്ഞതാണ്. അതിന്റെ ദൃശ്യങ്ങളും സർക്കാർ പുറത്തുവിട്ടു. വിജയ്യുടെ വാഹനം വരുന്നതിന് മുമ്പ് തന്നെ ജനം നിറഞ്ഞു. വാഹനം മുന്നോട്ടു പോകരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയെങ്കിലും സംഘാടകർ അത് അനുസരിച്ചില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.
തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്നേഹം കൊണ്ടാണ് ജനങ്ങൾ റാലിക്കെത്തിയതെന്നും പുറത്തുവിട്ട വീഡിയോയിലൂടെ വിജയ് പറഞ്ഞിരുന്നു. ദുരന്തത്തിൽ രാഷ്ട്രീയം കലർത്താനില്ലെന്നും സത്യം പുറത്തുവരുമെന്നും വികാരാധീനനായി വിജയ് പറഞ്ഞു. ഇത്രയും ആളുകൾക്ക് ദുരിതം ബാധിക്കുമ്പോൾ എങ്ങനെയാണ് തനിക്ക് നാടുവിടാനാവുകയെന്നും ചില പ്രത്യേക സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിലൂടെയായിരുന്നു വിജയ് വീഡിയോ സന്ദേശം പങ്കുവെച്ചത്.
'നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ഞാനും മനുഷ്യനാണ്. ഇത്രയും ആളുകൾക്ക് ദുരിതം ബാധിക്കുമ്പോൾ എങ്ങനെയാണ് എനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നത്. പരിക്ക് പറ്റിയവരെ എത്രയും വേഗം കാണും. വേദനയിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി. നേതാക്കൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും എല്ലാം നന്ദി. അഞ്ച് ജില്ലകളിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരിൽ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു?. പൊതുജനങ്ങൾക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ജനങ്ങൾ സത്യം വിളിച്ചു പറയുമ്പോൾ ദൈവം ഇറങ്ങി വന്ന് സത്യം വിളിച്ചു പറയുന്നതുപോലെ തോന്നി. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാർട്ടി പ്രവർത്തകർക്കും സമൂഹമാധ്യമങ്ങളിൽ സംസാരിച്ചവർക്കുമെതിരെ കേസെടുത്തു കൊണ്ടിരിക്കുന്നു. എന്നെ എന്ത് വേണമെങ്കിലും ചെയ്തോളൂ. എന്റെ പ്രവർത്തകരെയും നേതാക്കളെയും ഒന്നും ചെയ്യരുത്', വിജയ് പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തനം ഇനിയും ശക്തമായി തന്നെ തുടരുമെന്നും പ്രവർത്തകരോട് വിജയ് വ്യക്തമാക്കി.തന്റെ ജീവിതത്തിൽ ഇത്രയും വേദനാജനകമായ ഒന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. മനസിൽ വേദന മാത്രമാണുള്ളത്. ജനങ്ങൾ തന്നെ കാണാൻ വരുന്നത് തന്നോടുള്ള സ്നേഹം കാരണമാണെന്നും വജയ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂർ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകൾ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അൽപസമയം കഴിഞ്ഞപ്പോൾ തന്നെ ആളുകൾ തളർന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവർത്തകരും അടക്കമുള്ളവർ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികൾ, പതിനാറ് സ്ത്രീകൾ, പന്ത്രണ്ട് പുരുഷന്മാർ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. നിലവിൽ ഏഴ് പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി മധുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്ഐആഫിൽ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂർവം വൈകിച്ചെന്നും നിബന്ധനകൾ പാലിക്കാതെ സ്വീകരണ പരിപാടികൾ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ഇത്രയേറെ ആളുകൾ തടിച്ചുകൂടിയിട്ടും റാലിയിൽ ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസുകാർ ഉണ്ടായില്ലെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ദുരന്തം സർക്കാർ ഗൂഢാലോചനയുടെ ഫലമെന്നാണ് ടിവികെയുടെ ആരോപണം. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്ന് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ടിവികെ പറയുന്നു. ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. കരൂരിൽ സംഭവിച്ചതിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷണം വേണമെന്നും ടിവികെ സത്യവാങ്മൂലത്തിൽ പറയുന്നു.
Content Highlights: tamilnadu govt against vijay on karur stampede