കരൂർ ദുരന്തം: മുൻകൂർ ജാമ്യാപേക്ഷ നൽകാനൊരുങ്ങി ടിവികെ നേതാക്കൾ; തമിഴ് യൂട്യൂബറെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

ടിവികെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ്, ജോയിന്റ് സെക്രട്ടറി നിര്‍മല്‍ കുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി തമിഴക വെട്രി കഴകം (ടിവികെ) നേതാക്കള്‍. കരൂര്‍ ദുരന്തത്തിലെ രണ്ടും മൂന്നും പ്രതിസ്ഥാനത്തുള്ള ടിവികെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ്, ജോയിന്റ് സെക്രെട്ടറി നിര്‍മല്‍കുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. പൊലീസ് അറസ്റ്റ് നീക്കം സജീവമാക്കിയതോടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

ഒളിവിലുള്ള ഈ നേതാക്കള്‍ക്കെതിരെ ട്രിച്ചിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതേസമയം തമിഴ് യൂട്യൂബര്‍ ഫെലിക്സ് ജെറാള്‍ഡിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഒരു ബിജെപി പ്രവര്‍ത്തകനെയും രണ്ട് ടിവികെ പ്രവര്‍ത്തകരെയുമാണ് റിമാന്‍ഡ് ചെയ്തത്. 25 പേര്‍ക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്ന് ടിവികെയുടെ പ്രാദേശിക നേതാവായ പൗന്‍ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിപാടിക്ക് അനുമതി തേടി നല്‍കിയ അപേക്ഷയില്‍ ഒപ്പിട്ട ഒരാള്‍ ആണ് പൗന്‍രാജ്. കഴിഞ്ഞ ദിവസം ടിവികെ നേതാവ് മതിയഴകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുരന്തത്തിന് പിന്നാലെ ടിവികെ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിരിക്കുകയാണ്. കരൂര്‍ ചിന്ന ആണ്ടാന്‍ കോവിലിലെ പാര്‍ട്ടി ഓഫീസാണ് പൂട്ടിട്ട നിലയില്‍ ഉള്ളത്. അതേസമയം ദുരന്തത്തില്‍ മനംനൊന്ത് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ വില്ലുപുരം സ്വദേശി വി അയ്യപ്പന്‍ ആത്മഹത്യ ചെയ്തു.

ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.

ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്‌ഐആഫില്‍ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂര്‍വം വൈകിച്ചെന്നും നിബന്ധനകള്‍ പാലിക്കാതെ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും എഫ്‌ഐആറിലുണ്ട്. ഇത്രയേറെ ആളുകള്‍ തടിച്ചുകൂടിയിട്ടും റാലിയില്‍ ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസുകാര്‍ ഉണ്ടായില്ലെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ദുരന്തം സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഫലമെന്നാണ് ടിവികെയുടെ ആരോപണം. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ടിവികെ പറയുന്നു. ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കരൂരില്‍ സംഭവിച്ചതിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷണം വേണമെന്നും ടിവികെ സത്യവാങ്മൂലത്തില്‍ പറയുന്നു.

Content Highlights: Karur Vijay Rally Stampede TVK leaders try to Anticipatory bail

To advertise here,contact us