കരൂര്‍ ദുരന്തം: ടിവികെ നേതാക്കൾ റിമാൻഡിൽ

15 ദിവസത്തേക്കാണ് റിമാൻഡ്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് മതിയഴകൻ, പൗന്‍ രാജ് എന്നിവരെ റിമാൻഡ് ചെയ്തു. കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഒക്ടോബർ 14 വരെയാണ് റിമാൻഡ് കാലാവധി. പ്രതികൾക്ക് യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് പൊലീസിന് കോടതി നിർദേശം നൽകി.

പൊലീസ് മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചു എന്ന് പ്രതിഭാഗത്തിന്റെ അറിയിപ്പിനെ തുടർന്നാണ് കോടതിയുടെ നിർദേശം. പൊലീസിനെ വിമർശിച്ചുള്ള ടിവികെ വാദങ്ങൾ കോടതി തള്ളി. കോടതി വിധിയിൽ നിയമ പോരാട്ടം തുടരുമെന്നും നിയമവിരുദ്ധമായാണ് ടിവികെ നേതാക്കൾക്കെതിരെ കേസെടുത്തതെന്നും ടിവികെ അഭിഭാഷകർ പറഞ്ഞു. അത് കോടതിയിൽ തെളിയിക്കുമെന്നും അഭിഭാഷകർ പറഞ്ഞു.

ദുരന്തത്തിന് പിന്നാലെ ടിവികെ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി. കരൂർ ചിന്ന ആണ്ടാൻ കോവിലിലെ പാർട്ടി ഓഫീസാണ് പൂട്ടിട്ട നിലയിൽ ഉള്ളത്. കരൂർ വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസ് ആണ് പൂട്ടിയത്.

കുട്ടികൾക്ക് മുട്ടയും പാലും നൽകിയിരുന്ന ജനക്ഷേമ പദ്ധതികൾ അടക്കം നിർത്തി വെച്ചിരിക്കുകയാണ്. അതേസമയം കരൂര്‍ ദുരന്തത്തില്‍ വിജയ്‌ക്കെതിരെ പ്രതിഷേധം ഉയരുമ്പോഴും പിന്തുണച്ചും ആളുകളെത്തുന്നുണ്ട്.

ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. നിലവില്‍ ഏഴ് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight : Karur tragedy: TVK leaders Mathiyazhakan and Paun Raj remanded; remand for 15 days

To advertise here,contact us