ഹരിയാനയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവം: പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ

ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ സ്കൂളിലാണ് അതിക്രമം നടന്നത്

ന്യൂഡൽഹി: ഹരിയാനയിലെ പാനിപ്പത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവത്തിൽ പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ. പ്രിൻസിപ്പൽ റീന, ഡ്രൈവർ അജയ് എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്.

കുട്ടിയെ ജനാലയിൽ തലകീഴായി കെട്ടിത്തൂക്കിയ ശേഷം പ്രിൻസിപ്പലിന്റെ ഡ്രൈവർ മർദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഇവർക്കെതിരെ മോഡൽ ടൗൺ സ്റ്റേഷൻ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഹോംവർക്ക് ചെയ്യാത്തതിനാലാണ് കുട്ടിയോടുള്ള ക്രൂരത. മുഖിജ കോളനി നിവാസിയായ കുട്ടിയുടെ അമ്മ ഡോളിയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്. തന്റെ ഏഴു വയസ്സുള്ള മകനെ അടുത്തിടെയാണ് പാനിപ്പത്തിലെ സ്വകാര്യ സ്കൂളിൽ ചേർത്തതെന്നും കുട്ടിയെ ശിക്ഷിക്കാൻ പ്രിൻസിപ്പൽ റീന ഡ്രൈവർ അജയ്‌യെ വിളിച്ചുവരുത്തിയെന്നും അമ്മ ഡോളി ആരോപിച്ചിരുന്നു. അജയ് കുട്ടിയെ അടിക്കുകയും, സുഹൃത്തുക്കളുമായി വീഡിയോ കോളുകൾ ചെയ്ത് ഇത് കാണിക്കുകയും ചെയ്തു. പിന്നീട് ഇയാൾ തന്നെ കുട്ടിയെ മർദിക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഒടുവിൽ ഈ ക്ലിപ്പ് കുട്ടിയുടെ വീട്ടുകാർ കണ്ടതോടെയാണ് മർദന വിവരം പുറത്തുവന്നത്.

മറ്റൊരു വീഡിയോയിൽ, പ്രിൻസിപ്പൽ റീന മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് കുട്ടികളെ അടിക്കുന്നത് കാണാം. കുട്ടികൾ മറ്റ് രണ്ട് കുട്ടികളോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിന് മുമ്പ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നുമായിരുന്നു ഇക്കാര്യത്തിൽ അധ്യാപിക നൽകിയ ന്യായീകരണം. ശിക്ഷയായി ഇവർ കുട്ടികളെ ചിലപ്പോൾ ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിക്കാറുണ്ടെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു.

Content Highlight : Incident of tying a second-grader upside down and beating him: Principal and driver arrested

To advertise here,contact us