കരൂരിലേക്ക് പോകാന്‍ അനുമതി തേടി വിജയ്, നിരസിച്ച് പൊലീസ്; വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് വ്യാപക പോസ്റ്ററുകള്‍

'കൊലപാതകിയായ വിജയിയെ ഉടന്‍ അറസ്റ്റ് ചെയ്യണ'മെന്നാണ് പോസ്റ്ററുകള്‍

ചെന്നൈ: ദുരന്തഭൂമിയായി മാറിയ കരൂരിലേക്ക് പോകാന്‍ അനുമതി തേടി തമിഴക വെട്രി കഴകം (ടിവികെ) നേതാവും തമിഴ് നടനുമായ വിജയ്. എന്നാല്‍ പൊലീസ് അനുമതി നിഷേധിച്ചു. ഇന്നലെ രാത്രി വിജയ് പൊലീസുമായി സംസാരിച്ചെന്ന് ടിവികെ അറിയിച്ചു. പൊലീസ് അനുമതി നിഷേധിച്ചതില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ടിവികെ. മദ്രാസ് ഹൈക്കോടതിയെയാണ് ടിവികെ സമീപിക്കാനൊരുങ്ങുന്നത്. പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.

വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ കരൂരില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണം, ആള്‍കൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയിയെ ഉടന്‍ അറസ്റ്റ് ചെയ്യണം', തുടങ്ങിയ പോസ്റ്ററുകളാണ് കരൂരില്‍ കാണുന്നത്. തമിഴ്‌നാട് സ്റ്റുഡന്റസ് യൂണിയന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം കരൂര്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരമായി ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ കടമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

കരൂര്‍ ദുരന്തത്തില്‍ മരണസംഖ്യ 41ആയി ഉയര്‍ന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. റാലിയില്‍ പ്രതീക്ഷിച്ചതിലധികം ആളുകള്‍ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. അവിടെ കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.

കരൂര്‍ ദുരന്തത്തില്‍ ടിവികെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടിവികെ അപ്പീല്‍ നല്‍കി. സിസിടിവിയും രേഖകളും സംരക്ഷിക്കണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി ഹര്‍ജി പരിണിക്കും. ടിവികെ നേതാക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലാ സെക്രട്ടറിമാര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദേശം. ജനങ്ങളുടെ ദേഷ്യം കാരണമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നടന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സേനയുടെ ഒരു സംഘം കൂടി വിജയ്യുടെ വീട്ടിലെത്തിയതായാണ് വിവരം.

Content Highlight: TVK Stampede Posters against Vijay in Karur

To advertise here,contact us